ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റ് തികച്ചതിന് പിന്നാലെ അടുത്ത വെല്ലുവിളി സ്വയം ഏറ്റെടുത്തിരിക്കുകയാണ് ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍. 700 വിക്കറ്റാണ് ഈ ഇംഗ്ലീഷ് പേസറുടെ അടുത്ത ലക്ഷ്യം. പാകിസ്ഥാനെതിരായ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം സമനിലയില്‍ കലാശിച്ചതിന് പിന്നാലെയാണ് ആന്‍ഡേഴ്‌സണിന്‍റെ വെളിപ്പെടുത്തല്‍. നേരത്തെ 600 വിക്കറ്റ് നേടിയ ശേഷം ആന്‍റേഴ്‌സണ്‍ വിരമിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി തിരക്ക് പിടിച്ച സീസണാണ് മുന്നിലുള്ളത്. നിരവധി പരമ്പരകള്‍ വരാനുണ്ടെന്നും ആരാധകരുടെ ജിമ്മി എന്നറിയപ്പെടുന്ന ജയിംസ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. അധികം താമസിയാതെ 700 എന്ന ലക്ഷ്യം മറികടക്കാനാകുമെന്നാണ് ഇംഗ്ലീഷ് പേസറുടെ പ്രതീക്ഷ. ആഷസ് ഉള്‍പ്പെടെയുള്ള മത്സരങ്ങളാണ് ഇനി വരാനിരിക്കുന്നത്. കുറഞ്ഞത് 18 മാസമെങ്കിലും ആന്‍റേഴ്‌സണ്‍ ഇംഗ്ലണ്ടിന്‍റെ പേസ് പടയെ മുന്നില്‍ നിന്നും നയിക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ കരുതുന്നത്.
156 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് ആന്‍ഡേഴ്‌സണ്‍ 600 വിക്കറ്റുകള്‍ അക്കൗണ്ടില്‍ കുറിച്ചത്. 38 വയസുള്ള ഇംഗ്ലീഷ് പേസര്‍ കരിയറിലെ മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്. 2014 മുതലുള്ള ആറ് വര്‍ഷങ്ങളാണ് ആന്‍ഡേഴ്‌സണിന്‍റെ കരിയറിലെ ഏറ്റവും തിളക്കമാര്‍ന്ന വര്‍ഷങ്ങള്‍. 65 മത്സരങ്ങളില്‍ നിന്നായി 259 വിക്കറ്റുകളാണ് ഈ കാലയളവില്‍ ആന്‍ഡേഴ്‌സണ്‍ സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്തത്. 2010 മുതല്‍ 2013 വരെയുള്ള മൂന്ന് വര്‍ഷങ്ങളില്‍ 192 വിക്കറ്റുകളും 2003ല്‍ ടെസ്റ്റില്‍ അരങ്ങേറിയത് മുതല്‍ 2009 വരെയുള്ള ആറ് വര്‍ഷങ്ങളില്‍ 148 വിക്കറ്റുകളും ഇംഗ്ലീഷ് പേസര്‍ സ്വന്തം പേരില്‍ കുറിച്ചു. കരിയറില്‍ ടെസ്റ്റ് മത്സരങ്ങളില്‍ മൂന്ന് തവണ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ 29 തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തം പേരില്‍ കുറിച്ചു.
39 വയസിനോട് അടുക്കുകയാണെങ്കിലും ടീമിലെ ഇടം ഉറപ്പിക്കാനായുള്ള കഠിന പിരിശീലനം അദ്ദേഹം മുടക്കാറില്ല. ഡ്രസിങ് റൂമില്‍ എത്തുമ്പോഴെല്ലാം ഇംഗ്ലണ്ടിന് വേണ്ടി ജയം കണ്ടെത്താനും അദ്ദേഹം ആഗ്രഹിക്കുന്നു. മുടങ്ങാതെ ജിമ്മില്‍ ഉള്‍പ്പെടെ കഠിന പരിശീലനം തുടരുകയാണ് ആൻഡേഴ്‌സണ്‍.
ആൻഡേഴ്‌സണെയും സ്റ്റുവര്‍ട്ട് ബ്രോഡിനെയും കൂടാതെ വമ്പന്‍ പേസ് നിര തന്നെ ഇംഗ്ലണ്ടിന് ഇന്നുണ്ട്. ജോഫ് ആര്‍ച്ചറും മാര്‍ക്ക് വുഡും ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സും സമകാലിക ക്രിക്കറ്റില്‍ ഇംഗ്ലീഷ് പേസ് നിരയിലെ കുന്തമുനകളാണ്. പലപ്പോഴും ഇവര്‍ക്ക് ഒരുമിച്ച് അവസരം നല്‍കാന്‍ സെലക്‌ടേഴ്‌സിനും നായകനും സാധിക്കാറില്ല. അപ്പോഴും ആന്‍ഡേഴ്‌സണ്‍ ടീമിലെ അവിഭാജ്യ ഘടകമായി മാറുന്നത് അദ്ദേഹത്തിന്‍റെ കഠിനപ്രയത്നത്തിന്‍റെ ഫലമായാണ്.