കേപ്പ് ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഇംഗ്ലീഷ് ടീമിന് തിരിച്ചടി. പരിക്കേറ്റ പേസ് ബോളർ ജെയിംസ് ആന്‍റേഴ്‌സണ്‍ ടെസ്‌റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല. കേപ്പ് ടൗണില്‍ നടന്ന ദക്ഷിണാഫ്രിക്കെതിരായ രണ്ടാമത്തെ ടെസ്‌റ്റ് മത്സരത്തിനിടെയാണ് ആന്‍ഡേഴ്‌സണ് പരിക്കേറ്റത്.
ഇംഗ്ലണ്ടിന് തിരിച്ചടി; പേസ് ബോളർ ആന്‍ഡേഴ്‌സണ് പരിക്ക് - ഇംഗ്ലീഷ് ക്രിക്കറ്റ് വാർത്ത
ദക്ഷിണാഫ്രിക്കെതിരായ ടെസ്‌റ്റ് പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ പേസ് ബൗളർ ജെയിംസ് ആന്‍ഡേഴ്‌ണ്‍ കളിക്കില്ല
ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും മികച്ച വിക്കറ്റ് ടേക്കറാണ് ആന്‍ഡേഴ്‌സണ്‍. ദക്ഷിണാഫ്രിക്കെതിരെ നേരത്തെ നടന്ന രണ്ട് ടെസ്‌റ്റ് മത്സരങ്ങളിലുമായി താരം ഒമ്പത് വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. കേപ്പ് ടൗണില്‍ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തം പേരിലാക്കി. നാലു മാസത്തോളം പരിക്കേറ്റ് പുറത്തിരുന്ന ആന്‍ഡേഴ്‌സണ്‍ ദക്ഷിണാഫ്രിക്കെതിരായ ടെസ്‌റ്റ് പരമ്പരയില്‍ സെഞ്ചൂറിയനിലാണ് തിരിച്ചുവരവ് നടത്തിയത്.
ആതിഥേയർക്കെതിരെ കേപ്പ് ടൗണില്‍ 189 റണ്‍സിന്‍റെ ജയമാണ് ഇംഗ്ലണ്ട് നേടിയത്. ഇതോടെ പരമ്പരയില്‍ ഇരു ടീമുകളും ഒരോ ജയം വീതം സ്വന്തമാക്കി. പോർട്ട് എലിസബത്തിലാണ് പരമ്പരയിലെ അടുത്ത മത്സരം. ആന്‍ഡേഴ്‌സണ് പകരക്കാരനായി ഓവർട്ടണ്‍ ടീമില്‍ തുടർന്നേക്കും. അതേസമയം ജോഫ്ര ആർച്ചർ ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് സൂചന.