ഉയരക്കൂടുതല്‍ പ്രശ്നമായി; അഫ്‌ഗാൻ ക്രിക്കറ്റ് ആരാധകന് ഹോട്ടല്‍ റൂം ലഭിക്കുന്നില്ല - ഷേർഖാന് ഉയരക്കൂടുതല്‍ പ്രശ്നമായി
താമസ സൗകര്യം തേടി ലഖ്‌നൗവിലെ ഹോട്ടലുകൾ കയറിയിറങ്ങി. ഉയരക്കൂടുതല്‍ കാരണം ആരും മുറി നല്‍കിയില്ല. ഒടുവില്‍ ഷേർ ഖാൻ പൊലീസിനെ സമീപിച്ചു.
ലഖ്‌നൗ; എട്ട് അടി രണ്ടിഞ്ച് ഉയരം. ക്രിക്കറ്റിനോട് കടുത്ത ആരാധന. പക്ഷേ ഒന്നു വിശ്രമിക്കാൻ ഹോട്ടലുകൾ തേടി അലയേണ്ട സ്ഥിതി. അഫ്‌ഗാനിസ്ഥാനില്‍ നിന്നെത്തിയ ക്രിക്കറ്റ് ആരാധകൻ ഷേർ ഖാനാണ് ദുരിതത്തിലായത്. ലഖ്‌നൗവില്‍ നടക്കുന്ന അഫ്‌ഗാനിസ്ഥാൻ - വെസ്റ്റിൻഡീസ് അന്താരാഷ്ട്ര ഏകദിന മത്സരം കാണാനാണ് ഷേർ ഖാൻ ഇന്ത്യയിലെത്തിയത്. താമസ സൗകര്യം തേടി ലഖ്‌നൗവിലെ ഹോട്ടലുകൾ കയറിയിറങ്ങി. ഉയരക്കൂടുതല്‍ കാരണം ആരും മുറി നല്‍കിയില്ല. ഒടുവില്‍ ഷേർ ഖാൻ പൊലീസിനെ സമീപിച്ചു. പൊലീസിന്‍റെ സഹായത്തോടെ ലഖ്‌നൗവിന് സമീപം നാകയിലെ ഹോട്ടല്‍ രാജധാനിയില്‍ മുറി ലഭിച്ചു. അവിടെ അടുത്ത പ്രശ്നം. കാബൂളില്‍ നിന്നെത്തിയ ഉയരക്കാരനെ കാണാൻ വൻ തിരക്ക്. അത് ഹോട്ടലിന്‍റെ പ്രവർത്തനത്തെ ബാധിച്ചതായി ഉടമ റാണു ദേശീയ മാധ്യമത്തോട് പറഞ്ഞു. ഇതോടെ വീണ്ടും പൊലീസ് ഇടപെട്ടു. ഷേർഖാന് സ്റ്റേഡിയത്തില്‍ കളി കാണാൻ പോകാനും വരാനും ഇപ്പോൾ പൊലീസ് എസ്‌കോർട്ടുണ്ട്. അടുത്ത അഞ്ച് ദിവസം കൂടി ഷേർ ഖാൻ ലഖ്‌നൗവില്‍ ഉണ്ടാകുമെന്ന് രാജധാനി ഹോട്ടല്‍ ഉടമ റാണു പറഞ്ഞു.