ഓവല്‍: ഇന്ത്യ - ഓസ്ട്രേലിയ ലോകകപ്പ് മത്സരത്തില്‍ പന്ത് ചുരണ്ടല്‍ ആരോപണവുമായി ഇന്ത്യൻ ആരാധകർ. ഓസീസ് ലെഗ്സ്പിന്നർ ആഡം സാംബയുടെ ഫീല്‍ഡിലെ നീക്കങ്ങൾ വലിയ ദുരൂഹതകൾക്കാണ് വഴിതുറന്നിരിക്കുന്നത്. കളിയുടെ 22ാം ഓവറില്‍ രണ്ടാം സ്പെല്ലിനായി സാംബ എത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഓസ്ട്രേലിയ വീണ്ടും പന്ത് ചുരണ്ടിയോ? ആരോപണവുമായി ആരാധകർ - ഓസ്ട്രേലിയ ഇന്ത്യ
ആഡം സാംബ എറിഞ്ഞ ഒരോവറില്‍ ഓരോ തവണ പന്ത് എറിയുന്നതിന് മുമ്പും പാന്‍റിന്‍റെ പോക്കറ്റില്‍ കൈയിട്ട് പന്തില്‍ എന്തോ ഉരക്കുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്
ആ ഓവറില്‍ പലപ്പോഴും പന്ത് തന്‍റെ പോക്കറ്റിലിട്ട ശേഷമാണ് സാംബ പന്തെറിഞ്ഞത്. ഓരോ തവണ പന്ത് എറിയുന്നതിന് മുമ്പും പാന്‍റിന്‍റെ പോക്കറ്റില്‍ കൈയിട്ട് പന്തില്‍ എന്തോ ഉരക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം. ഈ ഓവറിന് ശേഷം പന്തെറിയാനെത്തിയ നാഥൻ കോൾട്ടർ നൈല്‍ രോഹിത് ശർമ്മയെ പുറത്താക്കുകയും ചെയ്തു. അതുവരെ കാര്യമായ ബൗൺസ് ലഭിക്കാതിരുന്ന ഫാസ്റ്റ് ബൗളർമാർക്ക് മികച്ച ബൗൺസും പിന്നീട് ലഭിച്ചു. സംഭവം സമൂഹമാധ്യമങ്ങളില്‍ ചർച്ചയായെങ്കിലും ഐസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ക്രിക്കറ്റിനെ പിടിച്ചുലച്ച പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഓസീസ് നായകനായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും പന്ത് ചുരണ്ടിയ ബാൻക്രോഫ്റ്റും ഒരു വർഷത്തെ വിലക്ക് നേരിട്ടിരുന്നു.