ബ്ലൂംഫോണ്ടെയ്ൻ:ദക്ഷിണാഫ്രിക്കയുടെ മുന്‍ വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ എബി ഡിവില്ലിയേഴ്സ് ശ്രീലങ്കക്ക് എതിരായ മത്സരത്തിലൂടെ തിരിച്ചുവരവ് നടത്തിയേക്കുമെന്ന് സൂചന. മുഖ്യ പരിശീലകന്‍ മാർക്ക് ബൗച്ചറാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഡിവില്ലിയേഴ്സിന് അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ ജൂണ്‍ ഒന്ന് വരെ ബൗച്ചർ സമയം അനുവദിച്ചിരുന്നു. ഐപില്‍ മത്സരങ്ങൾ വരാനിരിക്കുന്നതിനാലാണ് ടീമിലേക്ക് തിരിച്ചെത്താന്‍ ഡിവില്ലിയേഴ്സ് ഉൾപ്പെടെയുള്ള താരങ്ങൾക്ക് ബൗച്ചർ കൂടുതല്‍ സമയം അനുവദിച്ചത്. അതേസമയം ഓസ്‌ട്രേലിയക്ക് എതിരായ ടി20 പരമ്പരയില്‍ ഡിവില്ലിയേഴ്സ് കളിച്ചിരുന്നില്ല.
ശ്രീലങ്കക്ക് എതിരായ മത്സരത്തില്‍ ഡിവില്ലിയേഴ്സ് തിരിച്ചുവരുമെന്ന് സൂചന - എബി ഡിവില്ലേഴ്‌സ് വാർത്ത
2018 ഏപ്രിലില്‍ ജോഹന്നാസ്ബർഗില്‍ ഓസ്‌ട്രേലിയക്ക് എതിരായാണ് എബി ഡിവില്ലിയേഴ്സ് അവസാനമായി അന്താരാഷ്‌ട്ര മത്സരം കളിച്ചത്

2018 മെയ് 23നാണ് ഡിവില്ലിയേഴ്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കി ഡിവില്ലിയേഴ്സ് രംഗത്ത് വന്നിരുന്നു. ഒക്‌ടോബർ 18 മുതല്‍ നവംബർ 15 വരെ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുക.
114 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 8765 റണ്‍സും 228 ഏകദിന മത്സരങ്ങളില്‍ നിന്നായി 9577 റണ്‍സും 78 ടി20 മത്സരങ്ങളില്‍ നിന്നായി 1672 റണ്‍സും താരം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. 278 റണ്‍സെടുത്ത് പുറത്താകാതെ നിന്നതാണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഡിവില്ലിയേഴ്സിന്‍റെ ഏറ്റവും ഉയർന്ന സ്‌കോർ. പോർട്ട് എലിസബത്തില്‍ ഇംഗ്ലണ്ടിന് എതിരെയാണ് ഡിവില്ലിയേഴ്സ് ആദ്യ അന്താരാഷ്‌ട്ര മത്സരം കളിക്കുന്നത്. ബാറ്റ്സ്‌മാന്‍ എന്ന നിലയില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഓപ്പണറായും മധ്യനിരയിലും വാലറ്റത്തും ഒരോ പോലെ ശോഭിച്ച താരമാണ് എബി ഡിവില്ലിയേഴ്സ്.