ബേ ഓവല്‍: ഇന്ത്യക്ക് എതിരായ ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ന്യൂസിലന്‍ഡിന് 164 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 163 റണ്‍സെടുത്തു. അർദ്ധ സെഞ്ച്വറിയോടെ 60 റണ്‍സെടുത്ത നായകന്‍ രോഹിത് ശർമ്മയാണ് ടോപ് സ്‌കോറർ. മത്സരത്തിനിടെ നായകന്‍ രോഹിത് ശർമ്മ പരിക്കേറ്റ് പുറത്ത് പോവുകയായിരുന്നു. 41 പന്തില്‍ മൂന്ന് സിക്‌സും മൂന്ന് ഫോറും ഉൾപ്പെടുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. 33 പന്തില്‍ 45 റണ്‍സെടുത്ത ലോകേഷ് രാഹുല്‍ മികച്ച പിന്തുണ നല്‍കി. രണ്ട് സിക്‌സും നാല് ഫോറും ഉൾപ്പെടുന്നതായിരുന്നു രാഹുലിന്‍റെ ഇന്നിങ്സ്. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 88 റണ്‍സാണ് കൂട്ടിചേർത്തത്. നാലാമനായി ഇറങ്ങി 33 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശ്രേയസ് അയ്യർ കൂറ്റനടികൾക്ക് ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. അവസാന ഓവറുകളില്‍ ന്യൂസിലൻഡ് ബൗളർമാർ കണിശതയോടെ പന്തെറിഞ്ഞപ്പോൾ ഇന്ത്യൻ താരങ്ങൾക്ക് സ്കോർ ചെയ്യാൻ കഴിഞ്ഞില്ല.
അഞ്ചാം ടി- 20; ന്യൂസിലന്‍ഡിന് 164 റണ്‍സ് വിജയ ലക്ഷ്യം
മത്സരത്തിനിടെ നായകന്‍ രോഹിത് ശർമ്മ പരിക്കേറ്റ് പുറത്തായത് ആശങ്കയുണ്ടാക്കി
അതേസമയം ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്‌ജു സാംസണ്‍ നിരാശപ്പെടുത്തി. അഞ്ച് പന്തില്‍ നിന്നും രണ്ട് റണ്‍സ് മാത്രമെടുത്ത് താരം പുറത്തായി. പരമ്പരയില്‍ ഇത് രണ്ടാം തവണയാണ് സഞ്ജു ഓപ്പണറായി ഇറങ്ങി നിരാശപ്പെടുത്തുന്നത്. ന്യൂസിലന്‍ഡിനായി സ്‌കോട്ട് കുഗ്ലെയിന്‍ രണ്ട് വിക്കറ്റും ഹാമിഷ് ബെന്നറ്റ് ഒരു വിക്കറ്റും സ്വന്തമാക്കി.
അവസാനം വിവരം ലഭിക്കുമ്പോൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 32 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണർമാരായ മാർട്ടിന്‍ ഗുപ്ട്ടില്‍, കോളിൻ മൺറോ, ടോം ബ്രൂസ് എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലൻഡിന് നഷ്ടമായത്. പരിക്കേറ്റ രോഹിത് ശർമ്മ ഇന്ത്യക്കായി ഫീല്‍ഡില്‍ ഇറങ്ങിയില്ല. രോഹിതന്‍റെ അഭാവത്തില്‍ ലോകേഷ് രാഹുലാണ് ടീം ഇന്ത്യയെ നയിക്കുന്നത്. അഞ്ച് ടി20 മത്സരങ്ങളിലെ ആദ്യ നാല് മത്സരവും ഇന്ത്യ ജയിച്ചിരുന്നു.