ലോക ക്രിക്കറ്റില്‍ ദൈവം അവതരിച്ചിട്ട് ഇന്നേക്ക് 31 വര്‍ഷം. കറാച്ചി അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ പാകിസ്ഥാന് എതിരായ ടെസ്റ്റ് മത്സരത്തിന് ഒരു 16 വയസുകാരന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ അവന്‍റെ നാമം ക്രിക്കറ്റ് ലോകത്ത് വാഴ്‌ത്തപ്പെടുമെന്ന് ആരും കരുതിയിരുന്നില്ല. 'സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍'. പാകിസ്ഥാന്‍ ഉയര്‍ത്തിയ 409 റണ്‍സെന്ന ഒന്നാം ഇന്നിങ്സ് ലീഡ് മറികടക്കാന്‍ മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യന്‍ മുന്നേറ്റ നിരക്ക് കാലിടറി. കെ ശ്രീകാന്ത് നായകനായ ടീമില്‍ ആറാമനായിട്ടാണ് ലിറ്റില്‍ മാസ്റ്റര്‍ സച്ചിന് അവസരം ലഭിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തല്‍ ലിറ്റില്‍ മാസ്റ്റര്‍ക്ക് ശോഭിക്കാനായില്ല. 24 പന്തില്‍ 15 റണ്‍സ് മാത്രം എടുത്ത സച്ചിനെ വഖാര്‍ യൂനിസ് ബൗള്‍ഡാക്കി കൂടാരം കയറ്റുകയായിരുന്നു.
കന്നിയങ്കത്തില്‍ കാലിടറിയെങ്കിലും അത് സച്ചിന്‍ യുഗത്തിന്‍റെ ആരംഭം മാത്രമായിരുന്നു. അയാള്‍ ക്രീസിലേക്ക് വരുമ്പോള്‍ പ്രാര്‍ഥനകളുമായി ടെലിവിഷനും റേഡിയോക്കും മുമ്പില്‍ ലക്ഷങ്ങള്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങി. അയാള്‍ ക്രീസിനോട് വിടപറയുമ്പോള്‍ അവര്‍ കണ്ണീര്‍ പൊഴിച്ചു. 100 കോടി വരുന്ന ഇന്ത്യക്കാരുടെ പ്രതീക്ഷകളും ചുമലിലേറ്റി ബാറ്റ് ചെയ്‌ത സച്ചിനെ ലോക ക്രിക്കറ്റിലെ സഹതാരങ്ങള്‍ അത്‌ഭുതത്തോടെ നോക്കി കണ്ടു.
പിന്നീടങ്ങോട്ട് 'സച്ചിന്‍' ആ പേര് ലോക ക്രിക്കറ്റില്‍ പല നാഴികക്കല്ലുകളും മറികടന്നു. ക്രീസില്‍ മഹാത്‌ഭുതങ്ങളുടെ വിരുന്നൊരുക്കി. ദശലക്ഷങ്ങള്‍ക്ക് പ്രചോദനമായി ആ പേര് മാറി. 'സച്ചിന്‍, സച്ചിന്‍....' ഗാലറികളില്‍ പ്രകമ്പനമുണ്ടാക്കാന്‍ കോടികളുടെ മനസില്‍ ഇടംപിടിക്കാന്‍ സച്ചിന് സാധിച്ചത് ക്രിക്കറ്റിനെ പ്രണയിച്ചതിലൂടെയാണ്.
സച്ചിന്‍ കളിച്ച ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് പാകിസ്ഥാന് മുന്നില്‍ സമനില വഴങ്ങേണ്ടി വന്നു. രണ്ടാമത്ത ഇന്നിങ്‌സില്‍ സച്ചിന് ബാറ്റ് ചെയ്യാന്‍ സാധിച്ചില്ല. സച്ചിന്‍റെ അന്താരാഷ്‌ട്ര കരിയറിന്‍റെ അവസാനവും ഒരു നവംബര്‍ മാസത്തിലായിരുന്നു. 2013 നവംബര്‍ 16ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഒരിക്കലും മറക്കാനാകാത്ത വിടവാങ്ങള്‍ പ്രസംഗത്തിലൂടെ ദൈവം ക്രീസിനോട് വിടപറഞ്ഞു. അപ്പോഴേക്കും ലോക ക്രിക്കറ്റില്‍ ബാറ്റ് കൊണ്ട് നേടിയെടുക്കാവുന്ന റെക്കോഡുകളില്‍ ഒട്ടുമിക്കതും സച്ചിന്‍ സ്വന്തം പേരില്‍ കുറിച്ചിരുന്നു.
റെക്കോഡുകള്‍ക്കപ്പുറം അയാള്‍ ബാറ്റേന്തി കടന്നുപോയ വഴികളിലൂടെ കടന്നുപോകാന്‍ ഇന്നും ലക്ഷങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. 24 വര്‍ഷം ക്രീസില്‍ നിറഞ്ഞാടി ദൈവം അരങ്ങൊഴിഞ്ഞിട്ട് ഏഴ് വര്‍ഷമാകുന്നെങ്കിലും സച്ചിന്‍ ഇന്നും ലോക ക്രിക്കറ്റില്‍ എളുപ്പം ചൂണ്ടിക്കാണിക്കാവുന്ന മാതൃകയാണ്. 200 ടെസ്റ്റുകള്‍ 463 ഏകദിനങ്ങള്‍ ടി20 ക്രിക്കറ്റിലും ദൈവ സാന്നിധ്യം. കണക്കുകള്‍ കൊണ്ടും സച്ചിന്‍ അത്‌ഭുതങ്ങള്‍ തീര്‍ത്തു.