കേരളം

kerala

By

Published : Nov 24, 2019, 2:56 PM IST

ETV Bharat / sports

പകല്‍ - രാത്രി ടെസ്റ്റില്‍ ചരിത്ര ജയവുമായി ടീം ഇന്ത്യ

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി തുടർച്ചയായി നാല് ഇന്നിങ്സ് വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ടീമായി ഇന്ത്യമാറി. തുടർച്ചയായ ഏഴാം ടെസ്റ്റ് വിജയത്തിലേക്ക് ഇന്ത്യയെ നയിക്കാനും ഇന്നത്തെ വിജയത്തോടെ വിരാട് കോലിക്ക് കഴിഞ്ഞു

പകല്‍ - രാത്രി ടെസ്റ്റില്‍ ചരിത്ര ജയവുമായി ടീം ഇന്ത്യ

കൊല്‍ക്കൊത്ത; പിങ്ക് നിറത്തില്‍ കുളിച്ച ഈഡൻ ഗാർഡൻ ഇന്ത്യൻ ക്രിക്കറ്റിന്‍റെ ചരിത്രരേഖയായി. ഇന്ത്യയില്‍ നടന്ന ആദ്യ പകല്‍ രാത്രി ടെസ്റ്റ് മത്സരത്തില്‍ ബംഗ്ലാദേശിനെ ഇന്നിങ്സിനും 46 റൺസിനും തോല്‍പ്പിച്ച ടീം ഇന്ത്യ ചരിത്രത്തിന്‍റെ ഭാഗമായി. കോലിക്കും കൂട്ടർക്കും അഭിമാനിക്കാം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി തുടർച്ചയായി നാല് ഇന്നിങ്സ് വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ടീമായി ഇന്ത്യമാറി.

തുടർച്ചയായ ഏഴാം ടെസ്റ്റ് വിജയത്തിലേക്ക് ഇന്ത്യയെ നയിക്കാനും ഇന്നത്തെ വിജയത്തോടെ വിരാട് കോലിക്ക് കഴിഞ്ഞു. ഇന്ത്യൻ പേസ് ബൗളർമാർ 20 വിക്കറ്റും സ്വന്തമാക്കിയപ്പോൾ സ്പിന്നർമാർക്ക് ഒരു വിക്കറ്റും ലഭിച്ചില്ല എന്നതും ചരിത്രമായി. ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റും ടെസ്റ്റില്‍ ഒൻപത് വിക്കറ്റും സ്വന്തമാക്കിയ ഇശാന്ത് ശർമ്മ മാൻ ഓഫ് ദ മാച്ചും രണ്ട് ടെസ്റ്റുകളിലും മികച്ച പ്രകടനം പുറത്തെടുത്തതിന് മാൻഓഫ് ദ സീരീസും സ്വന്തമാക്കി.

ആദ്യ ഇന്നിംഗ്സില്‍ 106 റൺസിന് പുറത്തായ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സില്‍ 195 റൺസിന് പുറത്തായതോടെയാണ് ഇന്ത്യ ഇന്നിംഗ്സ് ജയത്തിലേക്ക് കുതിച്ചത്. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 347 റൺസിന് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇന്നലെ ആറ് വിക്കറ്റിന് 152 റൺസ് എന്ന നിലയിലാണ് ബംഗ്ലാദേശ് കളി അവസാനിപ്പിച്ചത്. ഇന്ന് ബാറ്റിങ് തുടങ്ങിയ ബംഗ്ലാദേശിനെ ഉമേഷ് യാദവ് എറിഞ്ഞിടുകയായിരുന്നു. ഉമേഷ് യാദവ് രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ വിരാട് കോലി പിങ്ക് ബോൾ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി. ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര (2-0)ത്തിന് സ്വന്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള പോയിന്‍റ് പട്ടികയില്‍ ഏഴ് ടെസ്റ്റും ജയിച്ച ഇന്ത്യയ്ക്ക് ഇതോടെ 360 പോയിന്‍റായി. ആറ് ടെസ്റ്റുകൾ കളിച്ച ഓസ്ട്രേലിയ 116 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുണ്ട്.

ABOUT THE AUTHOR

...view details