കാന്‍ബറ: ഏകദിന മത്സരത്തില്‍ 11 മാസത്തെ ഇടവേളക്ക് ശേഷം ജയം സ്വന്തമാക്കി ടീം ഇന്ത്യ. കാന്‍ബറയില്‍ ഓസ്ട്രേലിയക്ക് എതിരെ 13 റണ്‍സിന്‍റെ ജയം സ്വന്തമാക്കിയതോടെയാണ് ടീം ഇന്ത്യയുടെ അക്കൗണ്ട് വീണ്ടും തുറന്നത്.
നേരത്തെ ഓസ്‌ട്രേലിയക്ക് എതിരെ ബാംഗ്ലൂരില്‍ നടന്ന ഏകദിനത്തിലാണ് ടീം ഇന്ത്യ ജയിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. പരമ്പര 2-1നും ടീം ഇന്ത്യ കൈപ്പിടിയില്‍ ഒതുക്കി. കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്നാണ് ടീം ഇന്ത്യയുടെ കലണ്ടര്‍ താറുമാറായത്. ടി20 ലോകകപ്പ് ഉള്‍പ്പെടെയുള്ള പരമ്പരകള്‍ വിരാട് കോലിക്കും കൂട്ടര്‍ക്കും മഹാമാരിയെ തുടര്‍ന്ന് നഷ്‌ടമായി. അവസാനമായി ന്യൂസിലന്‍ഡ് പര്യടനത്തിലാണ് ടീം ഇന്ത്യ ഏകദിന മത്സരം കളിച്ചത്. പരമ്പരയില്‍ ഒരു ജയം പോലും സ്വന്തമാക്കാന്‍ വിരാട് കോലിക്കും കൂട്ടര്‍ക്കും സാധിച്ചിരുന്നില്ല. 3-0ത്തിന് പരമ്പര കിവീസ് നേടി.