ബാങ്കോക്ക് : ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്‌ച പുലർച്ചെ, ഓസ്‌ട്രേലിയൻ പതാകയിൽ പൊതിഞ്ഞ മൃതദേഹപേടകം തായ് പൊലീസ് ഫോറൻസിക് ഇൻസ്റ്റിറ്റൃൂട്ടിന്‍റെ ആംബുലൻസിലാണ് വിമാനത്താവളത്തില്‍ എത്തിച്ചത്.
തായ്‌ലാന്‍ഡില്‍ വോണ്‍ താമസിച്ച കോഹ് സാമൂയിയിലെ വില്ലയില്‍ നിന്ന് ഞായറാഴ്‌ച സുറത് താനിയില്‍ എത്തിച്ച മൃതദേഹം തിങ്കളാഴ്‌ച രാത്രി തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെത്തിച്ചശേഷം അവിടെ നിന്ന് മെല്‍ബണിലേക്ക് കൊണ്ടുപോവുകയായിരുന്നു.
എക്കാലത്തെയും മികച്ച ബൗളർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന വോൺ, കഴിഞ്ഞ വെള്ളിയാഴ്‌ച തായ്‌ലാൻഡിലെ സാമുയി ദ്വീപിൽ സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് മരിച്ചത്. 52 കാരനായ വോണിന്‍റെ മരണത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും ഹൃദയാഘാതം തന്നെയാണ് മരണ കാരണമെന്നും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉദ്ധരിച്ച് തായ് പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.