മെല്‍ബണ്‍ : ഏകദിന ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ (Cricket Australia announced ODI World Cup 2023 squad). പാറ്റ് കമ്മിന്‍സിന്‍റെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഏകദിന ലോകകപ്പിന് അയക്കുന്നത് (Pat Cummins to lead Australia in ODI World Cup 2023). നേരത്തെ പ്രഖ്യാപിച്ച 18 അംഗ പ്രാഥമിക പട്ടികയില്‍ നിന്ന് ഓൾറൗണ്ടർ ആരോൺ ഹാർഡി, പേസർ നഥാൻ എല്ലിസ്, യുവ സ്പിന്നർ തൻവീർ സംഗ എന്നിവർക്കാണ് ഇടം നഷ്ടമായത്.
പ്രതീക്ഷിച്ചതുപോലെ സീനിയര്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, ഡേവിഡ് വാർണർ, ഗ്ലെൻ മാക്‌സ്‌വെൽ തുടങ്ങിയവര്‍ ഇടം നേടി. പരിക്കുമായി ബന്ധപ്പെട്ട് ടീമിന് പുറത്തുള്ള ഗ്ലെൻ മാക്‌സ്‌വെൽ ലോകകപ്പിന് മുന്‍പ് ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് വിലയിരുത്തല്‍.
ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരാണ് ടീമിലെ പ്രധാന ബാറ്റര്‍മാര്‍. വിക്കറ്റ് കീപ്പര്‍മാരായി അലക്‌സ് ക്യാരിയും ജോഷ് ഇംഗ്ലിസുമാണ് ഇടം നേടിയത്. അലക്‌സ് ക്യാരിയാവും ഓസീസിന്‍റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. 2019-ൽ ഇംഗ്ലണ്ടിലും വെയ്‌ൽസിലുമായി നടന്ന ലോകകപ്പില്‍ വിക്കറ്റിന് പിന്നില്‍ മിന്നും പ്രകടനമായിരുന്നു താരം നടത്തിയത്.
മിച്ചല്‍ മാര്‍ഷ്, മാര്‍കസ് സ്‌റ്റോയിനിസ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരാണ് പേസ് ഓള്‍റൗണ്ടര്‍മാര്‍. നായകന്‍ പാറ്റ് കമ്മിന്‍സിന് പുറമെ ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍. ആഷ്‌ടണ്‍ ആഗര്‍, ആദം സാംപ എന്നിവരാണ് പ്രധാന സ്‌പിന്നര്‍മാര്‍. ഗ്ലെന്‍ മാക്‌സ്‌വെല്‍ സ്‌പിന്‍ ഓള്‍റൗണ്ടറാണ്.