കൊളംബോ: കൊവിഡിനെ തുടര്‍ന്ന് ഈ മാസം 13ന് ആരംഭിക്കേണ്ട ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ മത്സരങ്ങള്‍ നീട്ടിവെച്ചു. ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞെത്തിയ ലങ്കന്‍ ടീമിലെ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ടീമിന്‍റെ നിരീക്ഷണ കാലാവധി നീട്ടേണ്ടി വരും. ഈ സാഹചര്യത്തിലാണ് പരമ്പര നീട്ടിവെക്കുന്നതെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ മത്സരങ്ങള്‍ ജൂലൈ 17 മുതല്‍ക്ക് ആരംഭിക്കുമെന്നാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതിയ തീരുമാന പ്രകാരം ഏകദിന മത്സരങ്ങള്‍ ജൂലൈ 17, 19, 21 തിയതികളിലും ടി20 മത്സരങ്ങള്‍ ജൂലൈ 24, 25, 27 തിയതികളിലും നടക്കും. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്‍റെ ബാറ്റിങ് പരിശീലകനായ ഗ്രാന്‍റ് ഫ്ലവറിനും ഡാറ്റാ അനലിസ്റ്റായ ജിടി നിരോഷനുമാണ് കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് സ്ഥിരീകരിച്ചത്.