ബര്‍മിങ്‌ഹാം : 2022 കൗണ്ടി ചാമ്പ്യൻഷിപ്പ് സീസണിന്റെ ശേഷിക്കുന്ന കാലയളവിൽ ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ മുഹമ്മദ് സിറാജ് വാർവിക്‌ഷെയറിനായി കളിക്കും. നിലവില്‍ സിംബാബ്‌വെയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായ സിറാജ് പരമ്പരയ്‌ക്ക് ശേഷം കൗണ്ടി ടീമിനൊപ്പം ചേര്‍ന്നേക്കും. താരത്തെ ടീമിലെത്തിച്ച വിവരം ക്ലബ്ബാണ് ഔദ്യോഗികമായി പുറത്തുവിട്ടത്.
ചാമ്പ്യന്‍ഷിപ്പിലെ അവസാന മൂന്ന് മത്സരങ്ങളിലാകും ഇന്ത്യന്‍ താരം വാര്‍വിക്‌ഷെയറിനായി കളിക്കുക. സെപ്‌റ്റംബര്‍ 12-ന് സോമര്‍സെറ്റിനെതിരായ മത്സരത്തിന് മുന്നോടിയായി സിറാജ് എഡ്‌ജ്ബാസ്റ്റണിലെത്തുമെന്ന് ക്ലബ് അറിയിച്ചു. നിലവിലെ സീസണില്‍ ഒരു കൗണ്ടി ടീം തെരഞ്ഞെടുത്ത ആറാമത്തെ ഇന്ത്യന്‍ താരമാണ് സിറാജ്.
നേരത്തെ ചേതേശ്വര്‍ പൂജാര (സസെക്‌സ്), വാഷിംഗ്‌ടണ്‍ സുന്ദർ (ലങ്കാഷയർ) , ക്രുണാൽ പാണ്ഡ്യ (റോയൽ ലണ്ടൻ കപ്പിനുള്ള വാർവിക്‌ഷെയർ), ഉമേഷ് യാദവ് (മിഡിൽസെക്‌സ്), നവദീപ് സൈനി (കെന്‍റ്) എന്നീ താരങ്ങളാണ് നിലവില്‍ വിവിധ കൗണ്ടി ടീമുകള്‍ക്കായി കളിക്കുന്നത്.
കൗണ്ടി ചാമ്പ്യന്‍ഷിപ്പ് ഡിവിഷന്‍ 1 -ല്‍ ഇതുവരെ കളിച്ച 11 മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് വാര്‍വിക്ഷയര്‍ നേടിയത്. പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ടീം. രണ്ടാം ഡിവിഷനിലേക്കുള്ള തരംതാഴ്‌ത്തല്‍ ഒഴിവാക്കാന്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ടീമിന് വിജയം അനിവാര്യമാണ്.
അന്താരാഷ്‌ട്ര കരിയറില്‍ ഇന്ത്യയ്‌ക്കായി വിവിധ ഫോര്‍മാറ്റുകളിലായി 27 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ സിറാജ് 57 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റില്‍ 54 മത്സരങ്ങളില്‍ നിന്ന് 194 വിക്കറ്റും പിഴുതു.