ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന വനിത ക്രിക്കറ്റിന്‍റെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. ടി20 ഫോര്‍മാറ്റില്‍ 2022 ജൂലൈ 29നാണ് മത്സരം നടക്കുക. 2020ല്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച ഓസ്‌ട്രേലിയ നിലവിലെ ലോക ചാമ്പ്യന്മാരാണ്.
ഇന്ത്യയുടെ രണ്ടാം മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളി. ജൂലൈ 31നാണ് ഈ മത്സരം നടക്കുക. അതേസമയം എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ നടക്കുക. ഇന്ത്യ, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ബാര്‍ബഡോസ് എന്നീ ടീമുകളാണ് ഗ്രൂപ്പ് എയുടെ ഭാഗമായുള്ളത്.
ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ക്ക് പുറമെ യോഗ്യത മത്സരം കളിച്ചെത്തുന്ന മറ്റൊരു ടീമും ഗ്രൂപ്പ് ബിയുടെ ഭാഗമാവും. എഡ്‌ജ്ബാസ്റ്റണാണ് ക്രിക്കറ്റ് മത്സരങ്ങളുടെ വേദി. ഓഗസ്റ്റ് ആറ് മുതലാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. ഫൈനലും വെങ്കല മെഡലിനായുള്ള മത്സരവും ഏഴാം തിയതി നടക്കും.