ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്രിസ് മോറിസ് ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യപിച്ചു. തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് 34കാരനായ താരം നീണ്ട 12 വർഷത്തെ കരിയറിന് വിരാമമിട്ടത്. കളിക്കളത്തിൽ നിന്ന് കോച്ചിങിലേക്ക് തിരിയുന്നതിനായാണ് മോറിസ് എല്ലാ ഫോർമാറ്റിൽ നിന്നും വിട പറയാൻ തീരുമാനിച്ചത്. ആഭ്യന്തര ക്രിക്കറ്റ് ടീമായ ടൈറ്റസിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നും താരം അറിയിച്ചിട്ടുണ്ട്.
'ഞാൻ ഇന്ന് ക്രിക്കറ്റിന്‍റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. എന്‍റെ ഈ യാത്രയിൽ ചെറുതും വലുതുമായി പങ്കുവഹിച്ച എല്ലാവർക്കും നന്ദി. ഇതൊരു രസകരമായ യാത്ര ആയിരുന്നു. ടൈറ്റസിന്‍റെ പരിശീലക വേഷം ഏറ്റെടുക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്,' മോറിസ് കുറിച്ചു.
2013ൽ ന്യൂസിലൻഡിനെതിരെയായിരുന്നു മോറിസിന്‍റെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള അരങ്ങേറ്റം. 2016ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ടെസ്റ്റ് ക്രിക്കറ്റിലെ താരത്തിന്‍റെ അരങ്ങേറ്റം. 2019ലെ ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു താരത്തിന്‍റെ അവസാനത്തെ അന്താരാഷ്ട്ര മത്സരം.