മുംബൈ: ക്രിക്കറ്റ് ലോകം ഇനി ഏകദിന ലോകകപ്പിന്‍റെ ആവേശത്തിലേക്കാണ്... ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിന്‍റെ മത്സരക്രമം അടുത്തിടെയാണ് ഐസിസി പ്രഖ്യാപിച്ചത്. 10 വേദികളിലായി 10 ടീമുകളാണ് ഇത്തവണത്തെ ലോകകപ്പില്‍ മാറ്റുരയ്‌ക്കുന്നത്.
ആതിഥേയരായ ഇന്ത്യയെ കൂടാതെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലൻഡ്, അഫ്‌ഗാനിസ്ഥാൻ, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, എന്നീടീമുകൾ ഇതിനകം തന്നെ ടൂര്‍ണമെന്‍റിനായി യോഗ്യത നേടിയിട്ടുണ്ട്. ബാക്കിയുള്ള രണ്ട് സ്ഥാനങ്ങളിലേക്ക് യോഗ്യത മത്സരങ്ങള്‍ കളിച്ചെത്തുന്ന രണ്ട് ടീമുകളാണെത്തുക. ലോക കിരീടത്തിനായി വമ്പന്‍ ടീമുകള്‍ പോരിനിറങ്ങുമ്പോള്‍ കളിക്കളത്തിലെ വീറും വാശിയും ഏറെ കൂടുമെന്നുറപ്പ്.
നേരത്തെ 2011-ലായിരുന്നു ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടന്നത്. അന്ന് എംഎസ് ധോണിക്ക് കീഴില്‍ ഇറങ്ങിയ ആതിഥേയര്‍ കപ്പുയര്‍ത്തിയാണ് ടൂര്‍ണമെന്‍റ് അവസാനിപ്പിച്ചത്. ഇക്കുറി സ്വന്തം മണ്ണില്‍ രോഹിത്തിനും 2011 ആവര്‍ത്തിക്കാന്‍ കഴിയുമോ എന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.
മറ്റ് ടീമികളില്‍ അവരുടെ ആരാധകരും വലിയ പ്രതീക്ഷയാണ് വച്ച് പുലര്‍ത്തുന്നത്. ഇതോടെ ആരാവും ലോകകപ്പ് നേടുകയെന്നത് സംബന്ധിച്ച് വലിയ ചര്‍ച്ചകളും ആരംഭിച്ചു. തമ്മില്‍ തമ്മില്‍ വിട്ടുകൊടുക്കാന്‍ ഒരു ടീമിന്‍റെയും ആരാധകര്‍ തയ്യാറാവാതിരിക്കുന്നതോടെ ഇത്തരം ചര്‍ച്ചകളുടെ വീറും വാശിയും ഏറുകയാണ്. ഇതിനിടെ ടൂര്‍ണമെന്‍റിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്‌ല്‍.
ആതിഥേയരായ ഇന്ത്യ, നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, പാകിസ്ഥാന്‍ എന്നീ ടീമുകളാവും അവസാന നാലിലേത്ത് എത്തുകയെന്നാണ് ക്രിസ് ഗെയ്‌ല്‍ പറയുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ടൂര്‍ണമെന്‍റിലെ ഫേവറേറ്റുകളെക്കുറിച്ചുള്ള ചോദ്യത്തോടുള്ള പ്രതികരണമായാണ് അവസാന നാലില്‍ എത്തുന്ന ടീമുകളെ ഗെയ്‌ല്‍ തെരഞ്ഞെടുത്തത്.
"ഏകദിന ലോകകപ്പിലെ ഫേവറിറ്റ് ആരാണെന്ന് എനിക്ക് അറിയില്ല. എന്നാല്‍ അവസാന നാലില്‍ എത്തുന്ന ടീമുകളെക്കുറിച്ച് പറയാം. ആതിഥേയരായ ഇന്ത്യയും പാകിസ്ഥാന്‍, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ ടീമുകളാണ് ടോപ് ഫോറിലെത്തുക. ന്യൂസിലന്‍ഡിന്‍റെ പേര് ഞാന്‍ പറയുമായിരുന്നു. എന്നാല്‍ ഞാന്‍ ഓസ്‌ട്രേലിയയ്‌ക്ക് ഒപ്പം പോവുകയാണ്"- ക്രിസ് ഗെയ്‌ല്‍ പറഞ്ഞു.
ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുന്നത്. മുംബൈ, അഹമ്മദാബാദ്, ധർമ്മശാല, ഡൽഹി, ലഖ്‌നൗ, പൂനെ, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ, കൊൽക്കത്ത എന്നീ പത്ത് വേദികളിലായാണ് മത്സരം നടക്കുക. 10 ടീമുകളും പരസ്‌പരം ഒരു മത്സരം വീതം കളിക്കുന്ന റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്‍റ് നടക്കുക.
ആദ്യ നാലില്‍ എത്തുന്ന ടീമുകളാണ് സെമിയുറപ്പിക്കുക. ആദ്യ സെമി നവംബര്‍ 15-ന് മുംബൈയിലും രണ്ടാം സെമി 16-ന് കൊല്‍ക്കത്തയിലുമാണ് അരങ്ങേറുക. നവംബര്‍ 19-ന് നടക്കുന്ന ഫൈനലിന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാവും.
ALSO READ: ODI WC | പാകിസ്ഥാന് പരാതി തീരുന്നില്ല, ലോകകപ്പ് സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയിലേക്ക് ഉദ്യോഗസ്ഥരെ അയയ്ക്കും