മുംബൈ: ഏകദിന ലോകകപ്പ് 2023-ന്‍റെ (Cricket World Cup 2023) ഫൈനലില്‍ കാലിടറിയതോടെ വീണ്ടുമൊരു ഐസിസി കിരീടത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് വീണ്ടും നീളുകയാണ്. 2013-ലെ ചാമ്പ്യന്‍സ് ട്രോഫിയ്‌ക്ക് ശേഷം വീണ്ടുമൊരു ഐസിസി കിരീടമായിരുന്നു സ്വന്തം മണ്ണില്‍ വച്ച് നടന്ന ഏകദിന ലോകകപ്പില്‍ നീലപ്പട ലക്ഷ്യം വച്ചിരുന്നത്. ടൂര്‍ണമെന്‍റില്‍ മിന്നും പ്രകടനവുമായി കുതിപ്പ് നടത്തിയ ടീം, ആരാധകരുടെ പ്രതീക്ഷയേറ്റുകയും ചെയ്‌തിരുന്നു.
എന്നാല്‍ അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ തോല്‍വിയായിരുന്നു ഇന്ത്യയെ കാത്തിരുന്നത്. ഇനി അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിലാണ് (T20 World Cup 2024) ഇന്ത്യയുടെ പ്രതീക്ഷ. 2024 ജൂണ്‍- ജൂലൈ മാസങ്ങളിലായി വെസ്റ്റ് ഇന്‍ഡീസിലും യുഎസ്‌എയിലുമായാണ് ടി20 ലോകകപ്പ് നടക്കുക. ടൂര്‍ണമെന്‍റില്‍ വെറ്ററന്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ഉണ്ടാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
2022-ൽ ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിലെ നിരാശാജനകമായ സെമി ഫൈനൽ തോൽവിക്ക് ശേഷം 36-കാരനായ രോഹിത്തും 35-കാരനായ കോലിയും ഫോര്‍മാറ്റില്‍ ഇന്ത്യയ്‌ക്കായി കളിച്ചിട്ടില്ല. ഇതോടെയാണ് അടുത്ത ടി20 ലോകകപ്പിലെ ഇരുവരുടേയും പങ്കാളിത്തം വിദഗ്ധരുടെയും ആരാധകരുടെയും ഇടയില്‍ ചൂടേറിയ ചർച്ച ആയിരിക്കുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്‌ല്‍ (Chris Gayle on Rohit Sharma and Virat Kohli's participation in T20 World Cup 2024).
തങ്ങള്‍ അടുത്ത ടി20 ലോകകപ്പില്‍ കളിക്കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത് രോഹിത്തും കോലിയും തന്നെയാണെന്നാണ് ക്രിസ് ഗെയ്‌ല്‍ പറയുന്നത്. "തീരുമാനം എടുക്കേണ്ടത് അവര്‍ തന്നെയാണ്. അവര്‍ക്ക് കളിക്കണമെങ്കില്‍, എന്തുകൊണ്ട് പറ്റില്ല എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.