മുംബൈ:വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡില്‍ ഒരു തലമുറമാറ്റം ആരംഭിച്ചുെവന്ന വിലയിരുത്തലിലാണ് ആരാധകര്‍. ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാരയെ വിന്‍ഡീസിനെതിരായ മത്സരങ്ങളില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെയാണ് പലരും ഇക്കാര്യം ചിന്തിച്ച് തുടങ്ങിയത്. വെറ്ററന്‍ ബാറ്റര്‍ക്ക് പകരമായി യുവതാരങ്ങളായ യശസ്വി ജയ്‌സ്വാള്‍, റിതുരാജ് ഗെയ്‌ക്‌വാദ് എന്നിവരെയാണ് ബിസിസിഐ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഉള്‍പ്പടെ മുപ്പത്തിയഞ്ചുകാരനായ ചേതേശ്വര്‍ പുജാരയ്‌ക്ക് തിളങ്ങാന്‍ ആയിരുന്നില്ല. ഇതോടെയാണ് മധ്യനിരയില്‍ യുവതാരങ്ങളെ പരീക്ഷിക്കാന്‍ ബിസിസിഐ തയ്യാറായത്. എന്നാല്‍, വിന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്നും ഒഴിവാക്കിയെങ്കിലും ചേതേശ്വര്‍ പുജാരയുടെ മുന്നില്‍ ഇന്ത്യന്‍ ടീമിന്‍റെ വാതിലുകള്‍ ഇനിയും അടഞ്ഞിട്ടില്ല. ബിസിസിഐ ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കിയ ചേതേശ്വര്‍ പുജാര ഇപ്രാവശ്യം ദുലീപ് ട്രോഫിയില്‍ കളിക്കുന്നുണ്ട്. ദുലീപ് ട്രോഫിയില്‍ വെസ്റ്റ് സോണിന് വേണ്ടിയാകും ഇന്ത്യന്‍ വെറ്ററന്‍ താരം പാഡ് കെട്ടുക. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റ് സീസണ്‍ ആരംഭിക്കുന്നത് ഈ ടൂര്‍ണമെന്‍റോടെയാണ്. സൂര്യകുമാര്‍ യാദവും ദുലീപ് ട്രോഫിയില്‍ കളിക്കുന്നുണ്ട്. വെസ്റ്റ് സോണിന് വേണ്ടി തന്നെയാണ് സൂര്യയും കളത്തിലിറങ്ങുക.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ രണ്ട് ഇന്നിങ്‌സുകളിലായി 41 റണ്‍സാണ് ചേതേശ്വര്‍ പുജാര നേടിയത്. 2021-23 വര്‍ഷങ്ങളില്‍ നടന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു സെഞ്ച്വറി മാത്രമാണ് താരത്തിന് നേടാനായത്. ഈ പ്രകടനത്തിന്‍റെയെല്ലാം പശ്ചാത്തലത്തിലാണ് പുജാരയ്‌ക്ക് ടീമിന് പുറത്തേക്കുള്ള വാതില്‍ തുറന്നത്.