ഹോവ് : റോയല്‍ ലണ്ടന്‍ ഏകദിന ചാംപ്യന്‍ഷിപ്പില്‍ വീണ്ടും തീപ്പൊരി സെഞ്ച്വറിയുമായി ഇന്ത്യയുടെ ടെസ്റ്റ് സപെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര. സസെക്‌സ് ടീമിന്‍റെ ഭാഗമായ പൂജാര സറേയ്‌ക്കെതിരായ മത്സരത്തില്‍ 131 പന്തില്‍ 174 റണ്‍സാണ് അടിച്ചുകൂട്ടിയത്. വാര്‍വിക്‌ഷെയറിനെതിരായ കഴിഞ്ഞ മത്സരത്തിലും വേഗമേറിയ സെഞ്ച്വറിയിലൂടെ പൂജാര ആരാധകരെ അമ്പരപ്പിച്ചിരുന്നു.
ഒരു സസെക്‌സ് താരം ഏകദിനത്തില്‍ നേടുന്ന ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത് പൂജാര സറേയ്‌ക്കെതിരെ നേടിയത്. 20 ഫോറിന്‍റെയും അഞ്ച് സിക്‌സിന്‍റെയും അകമ്പടിയോടെയാണ് താരം 174 റണ്‍സ് സ്വന്തമാക്കിയത്. ടോം ക്ലര്‍ക്കിന്‍റെ (104) സെഞ്ച്വറിയും സസെക്‌സിന് മുതൽക്കൂട്ടായി.
ടീം ക്യാപ്റ്റന്‍ കൂടിയായ പൂജാരയുടെ മികവിൽ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സസെക്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 378 റണ്‍സാണ് നേടിയത്. പിന്നാലെ മറുപടി ബാറ്റിങ്ങിനിറങ്ങിയ സറേയെ 162 റണ്‍സിന് ഓൾഔട്ട് ആക്കി 216 റണ്‍സിന്‍റെ വിജയവും സസെക്‌സ് സ്വന്തമാക്കി.