ലണ്ടന്‍:ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ മധ്യനിരയില്‍ പ്രധാനിയാണെങ്കിലും മോശം ഫോം വെറ്ററന്‍ താരം ചേതേശ്വര്‍ പുജാരയ്‌ക്ക് (Cheteshwar Pujara) പുറത്തേക്കുള്ള വഴി തുറന്നിരുന്നു. ജൂണില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ തീര്‍ത്തും നിറം മങ്ങിയതോടെയാണ് പുജാരയെ പുറത്തിരുത്താന്‍ സെലക്‌ടര്‍മാര്‍ തീരുമാനിച്ചത്. ലണ്ടനിലെ ഓവലില്‍ അരങ്ങേറിയ മത്സരത്തില്‍ ഇന്ത്യ ദയനീയമായി തോല്‍വി വഴങ്ങിയപ്പോള്‍ രണ്ട് ഇന്നിങ്‌സുകളിലുമായി 14, 27 എന്നിങ്ങനെയായിരുന്നു പുജാരയ്‌ക്ക് നേടാന്‍ കഴിഞ്ഞത്.
ഇതോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ടീമില്‍ നിന്നും 36കാരനായ പുജാരയെ സെലക്‌ടര്‍മാര്‍ ഒഴിവാക്കി. ടീമില്‍ വമ്പന്‍ അഴിച്ചുപണിയുടെ സൂചന നല്‍കി യുവതാരങ്ങളായ യശസ്വി ജയസ്വാള്‍, റിതുരാജ് ഗെയ്‌ഗ്‌വാദ് എന്നിവര്‍ക്കാണ് അവസരം നല്‍കിയത്. പരമ്പരയില്‍ തിളങ്ങിയ ജയ്‌സ്വാള്‍ പ്രതീക്ഷ കാക്കുകയും ചെയ്‌തു.
നിലവില്‍ റോയൽ വണ്‍ഡേ കപ്പില്‍ (Royal One day Cup) സസെക്‌സിനായി (Sussex ) കളിക്കുന്ന താരം സോമർസെറ്റിനെതിരെ (Somerset) സെഞ്ചുറി നേടിയിരുന്നു. 113 പന്തുകളില്‍ 11 ബൗണ്ടറികളോടെ 117 റൺസാണ് പുജാര അടിച്ചെടുത്തത്. ഇതിന് പിന്നാലെ ഇന്ത്യന്‍ ടീമിലെ തന്‍റെ കരിയര്‍ അവസാനിച്ചിട്ടില്ലെന്ന പ്രതീക്ഷ പങ്കുവച്ചിരിക്കുകയാണ് പുജാര.
ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ പദ്ധതികളില്‍ ഇപ്പോഴും താന്‍ ഉണ്ടെന്ന് കരുതുന്നതായാണ് പുജാര പറയുന്നത്. 'റൺസ് നേടുക എന്നത് എപ്പോഴും ഏറെ സന്തോഷകരമായ കാര്യമാണ്. നോക്കൂ, ഞാൻ എല്ലായ്‌പ്പോഴും എനിക്ക് കഴിയുന്ന കാര്യങ്ങൾ നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്. ഞാൻ കളിക്കുന്ന ഏതൊരു മത്സരത്തിലും കഴിയുന്നത്ര റൺസ് നേടുക എന്നതിലാണ് ശ്രദ്ധ.'