മുംബൈ:ഇന്ത്യയുടെ ടെസ്റ്റ് ടീമിന്‍റെ മധ്യനിരയില്‍ നെടുന്തൂണായിരുന്ന താരമാണ് ചേതേശ്വര്‍ പുജാര. എന്നാല്‍ സമീപകാലത്തായി ഇന്ത്യന്‍ ടീമിന് പുറത്താണ് താരത്തിന്‍റെ സ്ഥാനം. മോശം ഫോമിനെ തുടര്‍ന്നാണ് പുജാര ടീമിന് പുറത്തായത്.
പക്ഷെ, ഇപ്പോഴിതാ രഞ്‌ജി ട്രോഫിയില്‍ മിന്നും പ്രകടനവുമായി ദേശീയ ടീമിലേക്ക് മടങ്ങിവരവിനായി സെലക്‌ടര്‍മാരുടെ മുന്നില്‍ അവകാശവാദം ഉയര്‍ത്തിയിരിക്കുകയാണ് 35-കാരന്‍. രാജ്‌കോട്ടിലെ സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ജാർഖണ്ഡിനെതിരായ മത്സരത്തില്‍ സെഞ്ചുറിയുമായാണ് താരം തിളങ്ങിയത്. പുജാരയുടെ ഫസ്റ്റ് ക്ലാസ് കരിയറിലെ 61-ാം സെഞ്ചുറിയാണിത്.
(Cheteshwar Pujara hit 61st FC Century In Saurashtra vs Jharkhand Match in Ranji Trophy 2024). സൗരാഷ്‌ട്രയ്‌ക്കായി നാലാം നമ്പറില്‍ കളത്തിലെത്തി പുജാര 165 പന്തുകളില്‍ നിന്നാണ് സെഞ്ചുറി തികച്ചത്. രണ്ടാം ദിനം ചായയ്‌ക്ക് പിരിയുമ്പോള്‍ 167 പന്തില്‍ പുറത്താവാതെ 109 റണ്‍സായിരുന്നു പുജാര നേടിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് പുജാര ഇന്ത്യയ്‌ക്കായി അവസാനം കളിച്ചത്.
ഓസ്‌ട്രേലിയയ്‌ക്ക് എതിരായ മത്സരത്തിന്‍റെ രണ്ട് ഇന്നിങ്‌സുകളിലായി 14, 27 എന്നിങ്ങനെയായിരുന്നു പുജാരയ്‌ക്ക് നേടാന്‍ കഴിഞ്ഞത്. ഇതോടെ വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്ക് എതിരായ പരമ്പരയില്‍ നിന്നും ഒഴിവാക്കിയിരുന്നു. അതേസമയം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിന് തൊട്ടുമുന്നെയാണ് പുജാരയുടെ നിലവിലെ സെഞ്ചുറി പ്രകടനം.