ലണ്ടന്‍: കൗണ്ടി ക്രിക്കറ്റ് ടീമായ സസെക്‌സിന്‍റെ ഇടക്കാല ക്യാപ്റ്റനായി ഇന്ത്യയുടെ വെറ്ററന്‍ താരം ചേതേശ്വര്‍ പുജാരയെ തെരഞ്ഞെടുത്തു. പരിക്കേറ്റ് പുറത്തായ ടോം ഹെയ്‌ൻസിന് പകരമാണ് പുജാരയ്‌ക്ക് ചുമതല നല്‍കിയിരിക്കുന്നത്.
"ടോമിന്‍റെ അഭാവത്തിൽ ടീമിനെ പുജാര നയിക്കും. ഒപ്പം ചേർന്നത് മുതൽ ഒരു സ്വാഭാവിക നായകനായിരുന്നു താരം." ഹെഡ് കോച്ച് ഇയാൻ സാലിസ്ബറി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ ടോമിന് പരിക്കേറ്റ സമയത്ത് പേസര്‍ ഫിന്നിയാണ് ടീമിനെ നയിച്ചിരുന്നത്. ഫിന്നി തങ്ങളുടെ സീനിയര്‍ പേസറായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
"ഒരു ബാറ്റർ ആ റോൾ ഏറ്റെടുക്കുന്നതിലൂടെ അതിനർഥം ഫിന്നിന് ഞങ്ങളുടെ ആക്രമണത്തെ നയിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്നാണ്. പുജാര വളരെ പരിചയസമ്പന്നനും നിലവാരമുള്ളതുമായ വ്യക്തിയാണ്, അവന്‍ തന്‍റെ കര്‍ത്തവ്യം ഭംഗിയായി നിര്‍വഹിക്കുമെന്ന് അറിയാം" സസെക്‌സ് കോച്ച് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞയാഴ്ച ലെസ്റ്റർഷെയറിനെതിരായ മത്സരത്തിനിടെ കൈയിലെ എല്ല് ഓടിഞ്ഞ ടോം ഹെയ്‌ൻസ് ഏകദേശം 5-6 ആഴ്ചത്തേക്ക് പുറത്തിരിക്കേണ്ടിവരുമെന്നാണ് വിവരം. അതേസമയം സീസണില്‍ സസെക്‌സിനായി അരങ്ങേറ്റം നടത്തിയ പുജാര കൗണ്ടിയിലെ റണ്‍വേട്ടക്കാരില്‍ ഒരാളാണ്. ഈ സീസണില്‍ കളിച്ച ആറ് മത്സരങ്ങളില്‍ 750 ലധികം റൺസാണ് താരം അടിച്ചെടുത്തിട്ടുള്ളത്.
also read: 'ധോണിയും യുവരാജുമാവാന്‍ കഴിയും'; പന്ത്-ഹാർദിക് കൂട്ടുകെട്ടിനെ പ്രശംസിച്ച് ഗവാസ്‌കര്‍