ലണ്ടന്‍ : ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഇന്ത്യൻ ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാര ഇനി ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കും. സസെക്‌സ് ക്രിക്കറ്റ് ക്ലബ്ബിനുവേണ്ടിയാണ് പൂജാര ഇറങ്ങുക. മോശം ഫോം കാരണം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായിരുന്നു പൂജാര.
ഈയിടെ അവസാനിച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ പൂജാര വമ്പന്‍ പരാജയമായിരുന്നു. പിന്നീട് രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രക്കായി ഇറങ്ങിയ പൂജാരക്ക് മൂന്ന് മത്സരങ്ങളില്‍ ഒരു അര്‍ധസെഞ്ച്വറി മാത്രമാണ് നേടാനായത്.
അതിന് പിന്നാലെയാണ് സസക്‌സിൽ നിന്നും വിളിയെത്തിയത്. ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡിന് പകരക്കാരനായാണ് പൂജാരയെ ടീമിലെടുത്തിരിക്കുന്നത്. കൗണ്ടിക്ക് പുറമെ ഓഗസ്റ്റില്‍ നടക്കുന്ന ആഭ്യന്തര ഏകദിന ടൂർണമെന്‍റായ റോയല്‍ വണ്‍ഡേ കപ്പിലും പൂജാര സസെക്‌സിനായി പാഡണിയും.
ALSO RAED:IND VS SL | രണ്ടാം ടെസ്‌റ്റിനായി ടീമുകൾ ബെംഗളൂരുവിൽ; പിങ്ക് ബോളിൽ പരിശീലനം തുടങ്ങി
സസെക്‌സിനായി കളിക്കുന്നതില്‍ താൻ ആവേശഭരിതനാണെന്നും ടീമിന്‍റെ വിജയത്തിനായി മികച്ച പ്രകടനം നടത്താനുവുമെന്നാണ് പ്രതീക്ഷയെന്നും പൂജാര ട്വിറ്ററില്‍ കുറിച്ചു. ട്രാവിസ് ഹെഡിന് ഓസ്ട്രേലിയക്കായി രാജ്യാന്തര മത്സരങ്ങളില്‍ കളിക്കേണ്ടതിനാലാണ് കൗണ്ടിയില്‍ നിന്ന് ഒഴിവായത്. സീസണിലെ ആദ്യ ചാമ്പ്യൻഷിപ്പ് മത്സരം മുതല്‍ റോയല്‍ വണ്‍ഡേ കപ്പിലെ അവസാന മത്സരം വരെ പൂജാര സസെക്‌സില്‍ തുടരുമെന്നും ക്ലബ് പ്രസ്‌താവനയിൽ പറഞ്ഞു.
കൗണ്ടി സീസണിൽ സസെക്‌സില്‍ പൂജാരയ്‌ക്കൊപ്പം പാകിസ്ഥാൻ വിക്കറ്റ് കീപ്പർ - ബാറ്റർ മുഹമ്മദ് റിസ്‌വാനും എത്തിയേക്കും. ഓസ്‌ട്രേലിയയുടെ പാകിസ്ഥാൻ പര്യടനത്തിന് ശേഷം റിസ്‌വാൻ എത്തുന്നതുവരെ സസെക്‌സ് ഓസ്‌ട്രേലിയയുടെ ജോഷ് ഫിലിപ്പിനെ വിക്കറ്റ് കീപ്പറായി ടീമിലെടുത്തിട്ടുണ്ട്.