രാജ്കോട്ട് : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിക്കാനിരിക്കെ രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനവുമായി വെറ്ററന്‍ താരം ചേതേശ്വര്‍ പുജാര. ജാർഖണ്ഡിനെതിരായ മത്സരത്തില്‍ ഇരട്ട സെഞ്ചുറിയുമായാണ് പുജാര മിന്നിത്തിളങ്ങിയത് (Cheteshwar Pujara double hundred). രാജ്‌കോട്ടിലെ സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ജാർഖണ്ഡിനെ 142 റണ്‍സില്‍ എറിഞ്ഞിട്ട് മറുപടിക്ക് ഇറങ്ങിയ സൗരാഷ്‌ട്ര മൂന്നാം ദിനത്തില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 578 റണ്‍സെടുത്ത് ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്‌തു (Jharkhand vs Saurashtra).
243 റണ്‍സുമായി പുജാര പുറത്താവാതെ നില്‍ക്കുകയായിരുന്നു. 30 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് താരത്തിന്‍റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. 356 പന്തുകളാണ് പുജാര നേരിട്ടത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പുജാരയുടെ 61-ാം സെഞ്ചുറിയും 17-ാമത്തെ ഇരട്ട സെഞ്ചുറിയുമാണിത്.
സൗരാഷ്‌ട്രയ്‌ക്കായി നാലാം നമ്പറില്‍ കളത്തിലെത്തി പുജാര 165 പന്തുകളില്‍ നിന്നാണ് സെഞ്ചുറി തികച്ചത്. തുടര്‍ന്ന് ആകെ 317 പന്തുകളില്‍ നിന്ന് ഇരട്ട സെഞ്ചുറിയിലേക്കും താരമെത്തി. സൗരാഷ്‌ട്രയ്‌ക്കായി പ്രേരക് മങ്കാദും സെഞ്ചുറി കണ്ടെത്തി. 176 പന്തില്‍ 104* റണ്‍സാണ് താരം നേടിയത്.
മോശം ഫോമിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായ താരമാണ് പുജാര. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഓസ്ട്രേലിയയ്‌ക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് പുജാര അവസാനമായി ഇന്ത്യയ്‌ക്കായി കളിച്ചത്. മത്സരത്തിന്‍റെ രണ്ട് ഇന്നിങ്‌സുകളിലായി 41 റണ്‍സ് മാത്രമായിരുന്നു താരത്തിന് നേടാന്‍ കഴിഞ്ഞത്. ഇതോടെ വെസ്റ്റ് ഇന്‍ഡീസിനും ദക്ഷിണാഫ്രിക്കയ്‌ക്കും എതിരായ ടെസ്റ്റ് പരമ്പരകളില്‍ നിന്ന് പുജാരയെ ഒഴിവാക്കിയിരുന്നു.