ലണ്ടന്‍ : കൗണ്ടി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മിന്നിത്തിളങ്ങി ഇന്ത്യയുടെ വെറ്ററന്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാര. ഫോമില്ലായ്‌മയില്‍ വലഞ്ഞ് ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായതിന് പിന്നാലെ രഞ്‌ജി ട്രോഫിക്കിറങ്ങിയ പുജാരയ്‌ക്ക് മിന്നാനായിരുന്നില്ല. ഐപിഎല്‍ മെഗാ താരലേലത്തിലും പുജാരയെ ഒരു ടീമും സ്വന്തമാക്കിയിരുന്നില്ല. തുടര്‍ന്ന് ഇംഗ്ലീഷ് കൗണ്ടിയില്‍ സസെക്‌സിനായി ബാറ്റേന്തുന്ന താരം തന്‍റെ മികച്ച ഫോം തുടരുകയാണ്.
കന്നി സീസണില്‍ തന്നെ തന്‍റെ രണ്ടാം ഡബിൾ സെഞ്ചുറി നേടിയാണ് പുജാര തിളങ്ങുന്നത്. തന്‍റെ മൂന്നാം മത്സരത്തിലാണ് പുജാര രണ്ടാം ഡബിള്‍ (203 റൺസ്) നേടിയത്. നേരത്തെ അരങ്ങേറ്റ മത്സരത്തില്‍ ഡെർബിഷയറിനെതിരെയായിരുന്നു പുജാരയുടെയുടെ ആദ്യ ഡബിള്‍. അന്ന് 201 റണ്‍സെടുത്ത പുജാര പുറത്താവാതെ നിന്നിരുന്നു.
ഇതോടെ കൗണ്ടിയില്‍ 28 വര്‍ഷങ്ങള്‍ക്ക് മുന്നെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ തീര്‍ത്ത റെക്കോഡിനൊപ്പമെത്താനും പുജാരയ്‌ക്കായി. കൗണ്ടിയില്‍ ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ചുറികകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന അസ്ഹറുദ്ദീന്‍റെ നേട്ടത്തിനൊപ്പമാണ് പുജാരയെത്തിയത്. ഡെർബിഷയര്‍ താരമായിരുന്ന അസ്ഹറുദ്ദീന്‍ 1991ൽ ലെസ്റ്റർഷെയറിനെതിരെയും (212 റണ്‍സ്), 1994ൽ ഡർഹാമിനെതിരെയുമാണ് (205 റൺസ്) ഇരട്ട സെഞ്ചുറി നേടിയത്.
also read: IPL 2022: കോലിയുടെ തിരിച്ച് വരവ് ആര്‍ത്തുവിളിച്ച് ആഘോഷിച്ച് അനുഷ്‌ക-വീഡിയോ
6 (15), 201* (387), 109 (206), 12 (22), 203 (334) എന്നിങ്ങനെയാണ് കൗണ്ടിയില്‍ ഇതേവരെ പുജാരയുടെ പ്രകടനം. അതേസമയം ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റില്‍ പുജാരയുടെ 15ാം ഡബിൾ സെഞ്ചുറി കൂടിയാണിത്. ഏഷ്യൻ കളിക്കാർക്കിടയില്‍ ഏറ്റവും കൂടുതല്‍ ഫസ്‌റ്റ് ക്ലാസ് ഡബിൾ സെഞ്ചുറിയുള്ള താരം കൂടിയാണ് പുജാര. 13 ഇരട്ട സെഞ്ചുറിയുമായി ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.