ചെന്നൈ:വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്കിടെ മുന്‍ ക്യാപ്‌റ്റന്‍ രവീന്ദ്ര ജഡേജയുടെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സ്. വിന്‍ഡീസ് ഇതിഹാസം ബ്രയാൻ ലാറയോടൊപ്പമുള്ള ജഡേജയുടെ ചിത്രമാണ് ചെന്നൈ ട്വീറ്റ് ചെയ്‌തത്. ''ബിഗ് ഫാന്‍ ഓഫ് യുവര്‍ വര്‍ക്ക്'' എന്ന തലക്കെട്ടോടെയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം ചെന്നൈ പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തില്‍ താരത്തെ ടാഗ് ചെയ്‌തിട്ടുമുണ്ട്. തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പ്രസ്‌തുത ചിത്രം നേരത്തെ ജഡേജയും ഷെയര്‍ ചെയ്‌തിരുന്നു. കഴിഞ്ഞ ജൂലൈയില്‍ തന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് ടീമുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ജഡേജ നീക്കിയിരുന്നു. ഇതിന് മുന്നേ ജഡേജയും ചെന്നൈയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പരസ്‌പരം അൺഫോളോ ചെയ്യുകയും ചെയ്‌തു.