മുംബൈ : ഐപിഎല്ലില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റര്‍ അമ്പാട്ടി റായുഡു. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഈ സീസണോടെ ഐപിഎല്ലില്‍ നിന്നും പിന്മാറുമെന്നാണ് 37കാരനായ റായുഡു അറിയിച്ചിരിക്കുന്നത്.
''ഇതെന്‍റെ അവസാന ഐപിഎൽ ആയിരിക്കുമെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. 13 വർഷമായി ഐപിഎല്ലില്‍ കളിക്കാനും രണ്ട് മികച്ച ടീമുകളുടെ ഭാഗമാകാനും കളിഞ്ഞു. മനോഹരമായ യാത്രയ്ക്ക് മുംബൈ ഇന്ത്യൻസിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനും ആത്മാർഥമായി നന്ദി പറയാൻ ആഗ്രഹിക്കുന്നു.'' റായുഡു ട്വീറ്റ് ചെയ്‌തു.
ഐപിഎൽ ഇതേവരെ 187 മത്സരങ്ങളില്‍ നിന്നും ഏകദേശം 30 ശരാശരിയിൽ 4187 റൺസ് നേടാന്‍ റായുഡുവിന് കഴിഞ്ഞിട്ടുണ്ട്. 22 അർദ്ധ സെഞ്ചുറികളും ഒരു സെഞ്ചുറിയും ഉൾപ്പടെയാണ് താരത്തിന്‍റെ പ്രകടനം. 2010 മുതല്‍ 2017 വരെയുള്ള സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുണ്ടായിരുന്ന റായുഡു 2018ലാണ് ചെന്നൈയുടെ ഭാഗമാവുന്നത്.
രണ്ട് വർഷത്തെ വിലക്കിന് ശേഷം ലീഗിലെക്ക് ചെന്നൈ മടങ്ങിയെത്തിയ ഈ സീസണില്‍ മിന്നുന്ന പ്രകടനം നടത്താന്‍ റാഡുഡുവിന് കഴിഞ്ഞിരുന്നു. ഈ സീസണിലെ 16 മത്സരങ്ങളില്‍ നിന്നും 602 റണ്‍സ് അടിച്ചുകൂട്ടാന്‍ താരത്തിനായി. അതേസമയം ഫിറ്റ്‌നസിന്‍റെ പ്രശ്‌നങ്ങള്‍ നേരിടുന്ന നിലവിലെ സീസണില്‍ 124 സ്‌ട്രൈക്ക് റേറ്റിൽ 271 റൺസാണ് താരത്തിന്‍റെ സമ്പാദ്യം.