മുംബൈ :സ്വന്തം നാട്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പിലൂടെ വര്‍ഷങ്ങളായുള്ള ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. 2013ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ആതിഥേയരെ തകര്‍ത്ത് കിരീടം നേടിയ ഇന്ത്യയ്‌ക്ക് പിന്നീട് ഒരു ടൂര്‍ണമെന്‍റിലും കപ്പ് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ വര്‍ഷം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് എത്തിയെങ്കിലും അവിടെയും തോറ്റ് മടങ്ങാനായിരുന്നു രോഹിതിന്‍റെയും കൂട്ടരുടെയും വിധി.
രോഹിത് ശര്‍മയ്‌ക്ക് കീഴില്‍ 2011 ആവര്‍ത്തിക്കാനാകും ഇക്കുറി ഇന്ത്യന്‍ സംഘത്തിന്‍റെ ശ്രമം. വരുന്ന ഏകദിന ലോകകപ്പില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെയും (Virat Kohli) നായകന്‍ രോഹിത് ശര്‍മയുടെയും പ്രകടനമാണ് ആതിഥേയര്‍ക്ക് നിര്‍ണായകം എന്ന വിലയിരുത്തലാണ് പല പ്രമുഖരുടെയും അഭിപ്രായം. എന്നാല്‍, ഇക്കുറി രോഹിതിനെയും വിരാടിനെയും ഇന്ത്യയ്‌ക്ക് കൂടുതല്‍ ആശ്രയിക്കേണ്ടി വരില്ലെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീലങ്കന്‍ മുന്‍ താരം ചമിന്ദ വാസ് (Chaminda Vaas).
'രോഹിത് ശര്‍മയും വിരാട് കോലിയും മാത്രമല്ല ഇന്ത്യന്‍ ടീമിന്‍റെ തുറുപ്പ് ചീട്ടുകള്‍. ഹർദിക് പാണ്ഡ്യ (Hardik Pandya), സൂര്യകുമാർ യാദവ് (Suryakumar Yadav) എന്നിവരെപ്പോലെ നിരവധി യുവ ക്രിക്കറ്റ് താരങ്ങള്‍ ഇപ്പോള്‍ ഇന്ത്യയ്‌ക്കുണ്ട്. യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal), ശുഭ്‌മാന്‍ ഗില്‍ (Shubman Gill) എന്നിവരും മികച്ച രീതിയില്‍ കളിക്കുന്നു.
ഇവരെല്ലാം തന്നെ മത്സരബുദ്ധിയുള്ള താരങ്ങളാണ്. ബാറ്റിങ്ങിന്‍റെ കാര്യം നോക്കിയാല്‍ ഇന്ത്യ എല്ലായിപ്പോഴും രോഹിതിനെയും വിരാടിനെയും മാത്രമല്ല ആശ്രയിക്കുന്നത്. മറ്റുള്ള താരങ്ങളും ഇന്ത്യയ്‌ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്' -വാസ് പറഞ്ഞു.