കൊളംബോ: ക്യാച്ച് എടുക്കുന്നതിനിടെ പന്ത് കൊണ്ട് ശ്രീലങ്കൻ ഓൾറൗണ്ടർ ചാമിക കരുണരത്‌നെക്ക് നഷ്‌ടമായത് നാല് പല്ലുകൾ. ലങ്കൻ പ്രീമിയർ ലീഗിലെ മത്സരത്തിൽ ഫീൽഡിങ്ങിനിടെയാണ് താരത്തിന്‍റെ മുഖത്ത് പന്ത് കൊണ്ടത്. കാൻഡി ഫാൽക്കണ്‍സും ഗോൾ ഗ്ലാഡിയേറ്റേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. പല്ലിൽ പന്ത് കൊണ്ട് ചോര പൊടിഞ്ഞെങ്കിലും കരുണരത്നെ ക്യാച്ച് പൂർത്തിയാക്കി. വായിൽ നിറയെ ചോരയുമായാണ് താരം മൈതാനം വിട്ടത്.
ഗ്ലാഡിയേറ്റർ ഇന്നിങ്‌സിന്‍റെ നാലാം ഓവറിൽ വിൻഡീസ് താരം കാർലോസ് ബ്രാത്ത്‌വെയ്‌റ്റിന്‍റെ ഓവറിലായിരുന്നു സംഭവം. ഓവറിൽ നുവാനിദു ഫെർണാണ്ടോ ഉയർത്തിയടിച്ച ഷോട്ടിൽ പിന്നോട്ടോടി ക്യാച്ചെടുക്കുന്നതിനിടെ പന്ത് നേരിട്ട് മുഖത്തേക്ക് വീഴുകയായിരുന്നു. പന്ത് മുഖത്ത് കൊണ്ടെങ്കിലും താരം ക്യാച്ച് മനോഹരമായി പൂർത്തിയാക്കി. പിന്നാലെ മൈതാനം വിട്ട താരത്തെ സ്വകാര്യ ആശുപത്രിയിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.