ബെംഗളൂരു : പരിക്കുമൂലം ഐപിഎൽ സീസൺ നഷ്‌ടമായ പേസർ ദീപക് ചാഹറിന്‍റെ ടി20 ലോകകപ്പ് ടീമിലെത്താമെന്ന പ്രതീക്ഷകൾക്ക് വീണ്ടും തിരിച്ചടി. പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ ഇനിയും നാലോ അഞ്ചോ ആഴ്‌ചകളെടുക്കുമെന്നും ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് മുന്‍പ് അതിന് കഴിയുമെന്ന് കരുതുന്നില്ലെന്നും ചാഹര്‍ വ്യക്തമാക്കി. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ചാഹര്‍ കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശീലനം നടത്തുന്നത്.
നിലവില്‍ നാലോ അഞ്ചോ ഓവറുകള്‍ എറിയാനുള്ള കായികക്ഷമതയേ തനിക്കുള്ളൂവെന്നും ഇനിയും ഒരു നാലോ അഞ്ചോ ആഴ്‌ചകള്‍ കൂടി കഴിഞ്ഞാലേ പൂര്‍ണ നില നേടാനാവൂവെന്നും ചാഹര്‍ വ്യക്തമാക്കി. അടുത്ത മാസം ഏഴിന് ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന ടി20 പരമ്പരയ്ക്ക് മുമ്പ് തനിക്ക് കായികക്ഷമത വീണ്ടെടുക്കാനാവില്ലെന്നും ക്ലബ് തലത്തില്‍ ഏതാനും മത്സരങ്ങള്‍ കളിച്ചാലേ വ്യക്തമായ ധാരണ ലഭിക്കൂവെന്നും ചാഹര്‍ പറഞ്ഞു.