അഹമ്മദാബാദ് :ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ (Cricket World Cup 2023 Final) പോരാട്ടത്തിന് ഒരുങ്ങിയിരിക്കുകയാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം. കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ ഇന്ത്യയും അഞ്ച് തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും തമ്മിലേറ്റുമുട്ടുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. രോഹിത് ശര്‍മ, വിരാട് കോലി, ശുഭ്‌മാന്‍ ഗില്‍, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്‌മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍ അങ്ങനെ വമ്പന്‍ താരനിര തന്നെ ഇരു ടീമുകള്‍ക്കും വേണ്ടി ഇന്ന് കളത്തിലിറങ്ങുന്നുണ്ട്.
ഇവരില്‍ ആര് തങ്ങള്‍ക്കായി ബാറ്റിങ് വിരുന്നൊരുക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ആരുടെ ബാറ്റില്‍ നിന്ന് സെഞ്ച്വറി പിറക്കുമെന്നും ഏവരും ഉറ്റുനോക്കുന്നുണ്ട്. കഴിഞ്ഞ് പോയ 12 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തില്‍ ആകെ ആറ് താരങ്ങള്‍ക്ക് മാത്രമാണ് സെഞ്ച്വറി നേടി മടങ്ങാന്‍ സാധിച്ചിട്ടുള്ളത്.
ഫൈനലില്‍ സെഞ്ച്വറി നേടിയ ഒരാള്‍ക്ക് മാത്രമാണ് കിരീടം ലഭിക്കാതെ പോയത്. അത് 2011ല്‍ ആയിരുന്നു. അതിന് ശേഷം നടന്ന രണ്ട് ലോകകപ്പ് ഫൈനലുകളിലും ഒരു താരത്തിനും സെഞ്ച്വറി നേടാന്‍ സാധിച്ചിട്ടില്ല.
ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി നേടിയവര്‍:48 വര്‍ഷത്തെ ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ മൂന്ന് ടീമുകളിലെ ആറ് താരങ്ങള്‍ മാത്രമാണ് ഇതുവരെ ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി നേടിയത്. 1975ലെ പ്രഥമ ലോകകപ്പ് ഫൈനലില്‍ തന്നെ ഈ നേട്ടം സ്വന്തമാക്കിയത് വെസ്റ്റ് ഇന്‍ഡീസ് മുന്‍ നായകനായിരുന്ന ക്ലൈവ് ലോയ്‌ഡ് (Clive Lloyd) ആണ്. വിന്‍ഡീസ് കിരീടമുയര്‍ത്തിയ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ കലാശപ്പോരാട്ടത്തില്‍ 85 പന്തില്‍ 102 റണ്‍സായിരുന്നു ക്ലൈവ് ലോയ്‌ഡ് നേടിയത്.
1979 ലോകകപ്പ് ഫൈനലിലും ഒരു വിന്‍ഡീസ് താരത്തിന്‍റെ ബാറ്റില്‍ നിന്നാണ് സെഞ്ച്വറി പിറന്നത്. വിന്‍ഡീസ് ഇതിഹാസം സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് ഇംഗ്ലണ്ടിനെതിരെയാണ് അന്ന് സെഞ്ച്വറിയടിച്ചത്. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം കിരീടം നിലനിര്‍ത്തിയ ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് പുറത്താകാതെ 157 പന്തില്‍ 138 റണ്‍സ് നേടി.