ന്യൂഡൽഹി: ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ ആരും സ്വന്തമാക്കാത്ത താരമായിരുന്നു ഓസീസ് നായകൻ സ്റ്റീവ് സ്‌മിത്ത്. കിടിലം ഫോമിലാണെങ്കിലും താരത്തെ സ്വന്തമാക്കാൻ ഒരു ഫ്രാഞ്ചൈസികളും തയ്യാറാകാത്തത് ഞെട്ടലോടെയാണ് ക്രിക്കറ്റ് ആരാധകർ കണ്ടത്. പിന്നാലെ ഇത്തവണത്തെ ഐപിഎല്ലിൽ കമന്‍റേറ്ററുടെ റോളിൽ എത്തുമെന്നും താരം അറിയിച്ചിരുന്നു.
ഐപിഎല്ലിൽ പൂനെ വാരിയേഴ്‌സ്, രാജസ്ഥാൻ റോയൽസ്, റൈസിങ് പൂനെ സൂപ്പർ ജയന്‍റ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾക്കൊപ്പമാണ് സ്‌മിത്ത് കളിച്ചിട്ടുള്ളത്. ഒടുവിൽ ഡൽഹി ക്യാപിറ്റൽസിനൊപ്പമാണ് താരം കളിച്ചത്. ഇപ്പോൾ റൈസിങ് പൂനെ സൂപ്പർ ജയന്‍റ്സിൽ എംഎസ് ധോണിക്കൊപ്പം കളിച്ച ഓർമകൾ പങ്കുവയ്ക്കുകയാണ് സ്‌മിത്ത്.
ധോണിയെ നയിക്കുക എന്നത് ഒരൽപ്പം ഭയപ്പെടുത്തി എന്നാണ് സ്‌മിത്ത് വ്യക്‌തമാക്കിയിരിക്കുന്നത്. 'എന്നെ ടീമിന്‍റെ നായകനാക്കാൻ പോകുന്നു എന്ന വാർത്ത പറയാൻ ടീം മാനേജ്മെന്‍റ് വിളിച്ചപ്പോൾ ഞാൻ ഒരൽപ്പം ആശയക്കുഴപ്പത്തിലായിരുന്നു. എനിക്ക് ആദ്യം സംശയമാണ് തോന്നിയത്. ആ സീസണിൽ ധോണി വളരെ മനോഹരമായാണ് കളിച്ചത്. നിങ്ങൾക്കറിയാമോ, ധോണി പല കാര്യത്തിലും എന്നെ വളരെയധികം സഹായിച്ചു.
വളരെ വലിയ വ്യക്‌തിത്വമാണ് ധോണിയുടേത്. ധോണിയെ നയിക്കാൻ കഴിഞ്ഞു എന്നത് വളരെ മികച്ചൊരു അനുഭവമായിരുന്നു. മാത്രമല്ല അത് കുറച്ച് ഭയാനകവുമായിരുന്നു. തുടക്കത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. ധോണി അദ്ദേഹം കളിച്ച എല്ലാ ടീമുകളുടേയും ക്യാപ്‌റ്റനായിരുന്നു. ചെന്നൈക്കൊപ്പം ഐപിഎല്ലിലുടനീളം നായകവേഷത്തിൽ ധോണി ഉണ്ടായിരുന്നു. സ്‌മിത്ത് പറഞ്ഞു.
അവിശ്വസനീയ അനുഭവം : എന്നാൽ തനിക്ക് കീഴിൽ കളിക്കുന്നതിന് ധോണി യാതൊരു വിമുഖതയും കാട്ടിയില്ലെന്നും സ്‌മിത്ത് പറഞ്ഞു. 'ഞാൻ ക്യാപ്‌റ്റനായതിന് ശേഷം മത്സരത്തിനിടെ എന്താണ് ചെയ്യേണ്ടത് എന്ന് ആദ്ദേഹം വന്ന് ചോദിച്ചപ്പോൾ ആദ്യം ഞാൻ ഞെട്ടിപ്പോയി. അദ്ദേഹത്തോട് എന്താണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നാൽ പിന്നീട് ധോണിയുമായി സംസാരിച്ച് ധാരണയിലെത്താൻ എനിക്ക് സാധിച്ചു.
ആ വർഷം ടീമിനെ നയിക്കാൻ ധോണി എന്നെ സഹായിച്ചത് എന്നെ സംബന്ധിച്ച് അവിശ്വസനീയമായിരുന്നു. ഇക്കാര്യത്തിൽ അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഞാൻ അദ്ദേഹത്തിൽ നിന്ന് ഒട്ടേറെ ആശയങ്ങൾ കടമെടുത്തിട്ടുണ്ട്. സ്റ്റംപിന് പിന്നിലായതിനാൽ മത്സരത്തെക്കുറിച്ച് വ്യക്‌തമായ കാഴ്‌ചപ്പാട് ധോണിക്കുണ്ടായിരുന്നു. എല്ലാ കോണുകളും അദ്ദേഹം മികച്ച രീതിയിൽ മനസിലാക്കിയിരുന്നു, പ്രത്യേകിച്ച് ഇന്ത്യയിൽ കളിക്കുമ്പോൾ - സ്‌മിത്ത് വ്യക്‌തമാക്കി.
ക്യാപ്‌റ്റൻ കൂൾ : എംഎസ് കാണിക്കുന്ന ശാന്തത, അദ്ദേഹത്തിന്‍റെ കരിയറിൽ ഉടനീളം ഞങ്ങൾ അത് കണ്ടു. കളത്തിലും പുറത്തും അവൻ എത്രമാത്രം ശാന്തനായിരുന്നുവെന്ന് ഞാൻ മനസിലാക്കി. അദ്ദേഹത്തെ ഒരു ഘട്ടത്തിലും നിയന്ത്രണം നഷ്‌ടമായി, ഭാവ വ്യത്യാസം ഉണ്ടായ നിലയില്‍ കണ്ടിട്ടില്ല. ആ സീസണിൽ മാത്രമല്ല മുൻ സീസണുകളിലും ഇത്ര ശാന്തതയോടെ തന്‍റെ ജോലിയിൽ അദ്ദേഹം ഏർപ്പെടുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട് - സ്‌മിത്ത് കൂട്ടിച്ചേർത്തു.
വാതുവയ്‌പ്പ് വിവാദവുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പർ കിങ്‌സിന് രണ്ട് വർഷത്തെ വിലക്ക് ലഭിച്ച ഘട്ടത്തിലാണ് ധോണി പൂനെയ്‌ക്കായി കളിച്ചത്. ആദ്യ സീസണിൽ ധോണിയായിരുന്നു പൂനെയുടെ നായകൻ. എന്നാൽ രണ്ടാം സീസണിൽ സ്‌മിത്ത് നായകനാവുകയായിരുന്നു. അക്കൊല്ലം ഐപിഎല്ലിന്‍റെ ഫൈനലിലെത്താനും പൂനെക്കായിരുന്നു. എന്നാൽ ഫൈനലിൽ മുംബൈ ഇന്ത്യൻസിനെതിരെ ഒരു റണ്‍സിന്‍റെ തോൽവി ഏറ്റുവാങ്ങുകയായിരുന്നു.