ലോർഡ്‌സ്: ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍സി തന്‍റെ ആരോഗ്യത്തെ ബാധിച്ചുവെന്ന് വ്യക്‌തമാക്കി മുന്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. ലോർഡ്‌സിൽ ന്യൂസിലാന്‍റിനെതിരായ ടെസ്‌റ്റ് മത്സരത്തിൽ നിർണായക സെഞ്ച്വറിയുമായി ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ച ശേഷം പ്രതികരിക്കുകയായിരുന്നു താരം. 64 മത്സരങ്ങളിൽ ക്യാപ്റ്റനായി ഇംഗ്ലണ്ടിനെ നയിച്ച റൂട്ട് ടീമിന്‍റെ തുടർതോൽവികൾക്ക് പിന്നാലെ ഏപ്രിൽ മാസത്തോടെയാണ് നായകസ്ഥാനം ഒഴിഞ്ഞത്.
ക്യാപ്റ്റനായി തുടര്‍ന്നപ്പോളും ഇംഗ്ലണ്ടിനായി താരം റൺസ് കണ്ടെത്തുന്നതിൽ ഒട്ടും പിറകിലായിരുന്നില്ല. 2021ൽ 1708 ടെസ്റ്റ് റൺസാണ് ജോ റൂട്ട് നേടിയത്. 6 സെഞ്ച്വറിയും നാല് അര്‍ദ്ധ ശതകങ്ങളും ആണ് താരം 29 ഇന്നിങ്ങ്‌സിൽ നിന്ന് നേടിയത്. എന്നാൽ ക്യാപ്റ്റനെന്ന നിലയിൽ താരത്തിന് ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 2021 റൂട്ടിന് കീഴിൽ ഇംഗ്ലണ്ട് 21 മത്സരങ്ങളിൽ നിന്ന് 11 തോൽവികളാണ് ഏറ്റുവാങ്ങിയത്.
ക്യാപ്റ്റന്‍സിയും താനും തമ്മിൽ മോശം ബന്ധം ആയിരുന്നുവെന്ന് താന്‍ തുറന്ന് സമ്മതിക്കുകയാണെന്നും ജോ റൂട്ട് വ്യക്തമാക്കി. അത് എന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാൻ തുടങ്ങി. ഗ്രൗണ്ടിൽ ക്യാപ്റ്റന്‍സിയെ ഉപേക്ഷിച്ച് വരുവാന്‍ തനിക്കായില്ലെന്നും റൂട്ട് മത്സര ശേഷം പ്രതികരിച്ചു.