ജൊഹന്നസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനിറങ്ങാനിരുന്ന ക്യാപ്റ്റന്‍ വിരാട് കോലിക്ക് വില്ലനായത് പുറം വേദന. മത്സരത്തിന് ടോസിടുന്നതിന് തൊട്ടുമുമ്പാണ് പുറം വേദനയെതുടര്‍ന്ന് കോലി പുറത്തായത്.
ഇതോടെ താരത്തിന് പകരം വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. പ്രോട്ടീസിനെതിരായ മൂന്നാം ടെസ്റ്റില്‍ കോലി കളിക്കുമെന്ന് ടോസിനിടെ രാഹുല്‍ പ്രതികരിച്ചു. കോലിക്ക് പകരം ഓള്‍ റൗണ്ടര്‍ ഹനുമ വിഹാരിയാണ് ടീമില്‍ ഇടം കണ്ടെത്തിയത്.
അതേസമയം വാണ്ടറേഴ്‌സിൽ പുതിയ റെക്കോഡിന് അരികെയായിരുന്നു കോലിയുണ്ടായിരുന്നത്. വാണ്ടറേഴ്‌സിൽ കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന വിദേശ താരമെന്ന റെക്കോഡിന് ഏഴ് റണ്‍സ് മാത്രം പിറകിലാണ് താരമുള്ളത്.
നേരത്തെ കളിച്ച രണ്ട് ടെസ്റ്റുകളില്‍ 310 റണ്‍സുമായി വാണ്ടറേഴ്‌സിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതാണ് കോലി. 316 റണ്‍സുള്ള ന്യൂസിലന്‍ഡിന്‍റെ ജോണ്‍ റീഡാണ് ഒന്നാമതുള്ളത്.
also read: Ashes: ക്യാപ്റ്റനാവേണ്ട; റൂട്ടിന് പിന്തുണയെന്നും ബെന്‍ സ്റ്റോക്‌സ്
മത്സരത്തില്‍ നിന്നും പുറത്തായതോടെ കരിയറില്‍ 100 ടെസ്റ്റുകളെന്ന നേട്ടവും താരത്തിന് ഈ പരമ്പരയില്‍ സ്വന്തമാക്കാനാവില്ല. നിലവില്‍ 98 ടെസ്റ്റുകളിലാണ് താരം കളിച്ചിട്ടുള്ളത്. ഇതോടെ പ്രോട്ടീസിനെതിരായ അവസാന ടെസ്റ്റ് താരത്തിന്‍റെ 99-ാമത്തെ മത്സരമാവും.
ടെസ്റ്റിന് പിന്നാലെ ജനുവരി 19 മുതല്‍ക്ക് നടക്കുന്ന ഏകദിന മത്സരത്തിലും 33കാരനായ കോലി കളിക്കും. സ്ഥിരം നായകന്‍ രോഹിത് ശര്‍മ പരിക്കേറ്റ് പുറത്തായതോടെ കെഎല്‍ രാഹുലാണ് ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കുക.