ന്യൂഡല്‍ഹി:ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർമാരില്‍ ഒരാളാണ് വിരാട് കോലി. പക്ഷേ മികച്ച താരങ്ങൾക്കെല്ലാം സംഭവിക്കുന്ന മോശം ഫോം കോലിയേയും ബാധിച്ചിട്ടുണ്ട്. ലോകകപ്പ് ടി20 മത്സരങ്ങൾക്കുള്ള ടീമിനെ കണ്ടെത്താൻ ശ്രമിക്കുന്ന ടീം ഇന്ത്യയ്ക്ക് മുൻ നായകന്‍റെ ഫോം ശരിക്കും തലവേദന സൃഷ്‌ടിക്കുന്നുണ്ട്. മുൻ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും ആരാധകരും കോലിയെ വിമർശിച്ചും അനുകൂലിച്ചും രംഗത്ത് എത്തിയതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്‍റും പ്രതിരോധത്തിലായി.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലും തുടര്‍ന്ന് നടന്ന ടി20 പരമ്പരയിലും പരാജയപ്പെട്ടതോടെ വിമർശനം ശക്തമായി. ഇന്ത്യയുടെ ടി20 ടീമില്‍ നിന്നും കോലിയെ പുറത്തിരുത്തണമെന്ന അഭിപ്രായവും ശക്തമാവുകയാണ്. മുന്‍ ഇന്ത്യന്‍ താരങ്ങളായ കപില്‍ ദേവ്, വെങ്കടേഷ് പ്രസാദ്, വിരേന്ദര്‍ സെവാഗ്, അജയ് ജഡേജ തുടങ്ങിയവരൊക്കെയും ഈ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
പകരത്തിന് ആളുണ്ടോ... ടി20യിൽ മൂന്നാം നമ്പറിൽ കോലിക്ക് പകരക്കാരനില്ലാത്ത ഒരു കാലം ഇന്ത്യയ്‌ക്ക് ഉണ്ടായിരുന്നു. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും ആവശ്യമുള്ളപ്പോൾ വേഗത്തിൽ റൺസ് നേടുന്നതിനും, മികച്ച ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്നതിനും കോലിക്കുള്ള കഴിവ് തെളിയിച്ചു കഴിഞ്ഞതാണ്. പക്ഷേ മോശം ഫോമില്‍ കളിക്കുമ്പോൾ വിമർശനങ്ങളും സ്വാഭാവികമാണ്.
ഇതുവരെ 98 ടി20 മത്സരങ്ങൾ കളിച്ച കോലി 50.72 ശരാശരിയിലും 137.94 സ്‌ട്രൈക്ക് റേറ്റിലും 3297 റൺസ് നേടിയിട്ടുണ്ട്. കഴിഞ്ഞ 10 ഇന്നിങ്‌സുകളുടെ കണക്ക് നോക്കുമ്പോള്‍ 77, 1, 80, 57, 9, 2, 17, 52, 1, 11 എന്നിങ്ങനെയാണ് താരത്തിന്‍റെ സമ്പാദ്യം. ഇതില്‍ നാല് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ നാലില്‍ മൂന്നും പിറന്നത് കഴിഞ്ഞ വര്‍ഷമാണ്.
ഈ വര്‍ഷം ഇതേവരെ നാല് ടി20 മത്സരങ്ങളാണ് കോലി കളിച്ചത്. അതില്‍ 17, 52, 1, 11 എന്നിങ്ങനെയാണ് താരത്തിന് നേടാനായത്. ഐപിഎല്ലിലെ കണത്ത് നോക്കുകയാണെങ്കില്‍ ഈ വര്‍ഷം 16 കളികളിൽ നിന്ന് 115.99 സ്‌ട്രൈക്ക് റേറ്റിൽ 341 റൺസ് മാത്രമാണ് കോലിയുടെ സമ്പാദ്യം.
മാറിയ കളി രീതി: ടി20 ഫോര്‍മാറ്റില്‍ ആക്രമണോത്സുക ക്രിക്കറ്റിലേക്ക് ചുവടുമാറ്റിരിയിക്കുകയാണ് ടീം ഇന്ത്യ. നിലയുറപ്പിച്ച ശേഷം ആക്രമിക്കുന്ന പഴയശൈലിയില്‍ നിന്നും തുടക്കം മുതല്‍ക്ക് ആക്രമിച്ച് കളിക്കുന്ന രീതിയാണിത്. ഇംഗ്ലണ്ടിനെതിരായ പരമ്പര ഈ കളിരീതിയുടെ പരീക്ഷണക്കളരിയായിരുന്നു. പരീക്ഷണങ്ങള്‍ ഏറെ വിജയമായിരുന്നുവെന്ന് തന്നെയാണ് കണക്കുകള്‍ തെളിയിക്കുന്നത്.
ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളിലും മികച്ച ടോട്ടല്‍ കണ്ടെത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ പുതിയ രീതിയിലേക്ക് മാറുന്നതില്‍ കോലി പരാജയപ്പെടുകയും ചെയ്‌തു. കളിച്ച രണ്ട് മത്സരങ്ങളിലും തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ചെങ്കിലും കോലിക്ക് തിളങ്ങാനായിരുന്നില്ല.
പകരക്കാരൻ ദീപക് ഹൂഡയോ: ഇന്ത്യൻ അണ്ടർ 19 ടീമിലും പിന്നീട് ഐപിഎല്ലിലൂടെയും വരവറിയിച്ച ദീപക് ഹൂഡ ടോപ് ഓർഡറിൽ തിളങ്ങുന്നത് കോലിക്ക് വെല്ലുവിളിയാവുന്നുണ്ട്. അയര്‍ലന്‍ഡിനെതിരെയും തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെയും ലഭിച്ച അവസരങ്ങള്‍ ഹൂഡ ശരിക്കും മുതലാക്കിയിരുന്നു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ തുടക്കക്കാരന്‍റെ ഭയമില്ലാതെ ബാറ്റ് വീശുന്ന താരം മികച്ച ഫോമിലുമാണ്.
തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുന്ന ഹൂഡ ടീമിന്‍റെ പുതിയ കളിരീതിക്ക് ഇണങ്ങിയ താരം കൂടിയാണ്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ഹൂഡയെ ബെഞ്ചിലിരുത്തി കോലിക്ക് അവസരം നല്‍കിയപ്പോള്‍ ഇക്കാരണത്താല്‍ തന്നെയാണ് ആരാധകര്‍ നെറ്റി ചുളിച്ചത്. അതേസമയം മോശം ഫോം കൂടി വലയ്‌ക്കുന്നതോടെ നിലയുറപ്പിക്കും മുമ്പ് ആക്രമിച്ച് കളിക്കുന്നത് കോലിയെ അധിക സമ്മര്‍ദനത്തിന് അടിപ്പെടുന്നതായാണ് വിലയിരുത്തല്‍.
ഇക്കാരണത്താലാണ് കോലിയും രോഹിത്തും ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുമ്പോള്‍ അത് പഴയ ശൈലി തന്നെയാവുമെന്ന് മുന്‍ താരം അജയ് ജഡേജ അഭിപ്രായപ്പെട്ടത്. ഇതോടെ ടി20യിലേക്കാൾ ടെസ്റ്റിലും ഏകദിനത്തിലുമാണ് ടീം ഇന്ത്യക്ക് കോലിയെ കൂടുതൽ ആവശ്യമുള്ളതെന്നാണ് വിദഗ്‌ധാഭിപ്രായം.
also read:'രോഹിത് റണ്‍സ് നേടാതിരുന്നാല്‍ ആരും ചോദിക്കാനില്ല'; കോലിക്ക് പിന്തുണയുമായി സുനിൽ ഗവാസ്‌കർ