സിഡ്‌നി :ഇന്ത്യൻ ടീമില്‍ ഇടം ലഭിക്കാനായി വലിയ മത്സരമാണ് യുവതാരങ്ങള്‍ക്കിടയില്‍ നടക്കുന്നത്. ടീമിലെ ചില മുതിർന്ന അംഗങ്ങൾക്ക് പരിക്കേൽക്കുകയോ വിശ്രമം അനുവദിക്കുകയോ ചെയ്യുമ്പോഴാണ് ഇവര്‍ക്ക് അവസരം ലഭിക്കുന്നത് എന്നതാണ് ഇതിന് കാരണം. ഏകദിന ലോകകപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ ടീമിലിടം ലഭിക്കാനുള്ള മത്സരം വീണ്ടും കടുക്കുമെന്നുറപ്പ്.
ഇതിനിടെ ഇന്ത്യന്‍ ടീമില്‍ തന്‍റെ സ്ഥാനമുറപ്പിക്കാന്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഓസ്‌ട്രേലിയൻ ഇതിഹാസം ബ്രെറ്റ് ലീ. അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണറായി ഉണ്ടാവുമെന്ന് ഉറപ്പിക്കാനാണ് ബ്രെറ്റ് ലീ ഇഷാന്‍ കിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ഏകദിനത്തിൽ ഏറ്റവും വേഗമേറിയ ഡബിൾ സെഞ്ച്വറി നേടിയ ഇഷാൻ തന്‍റെ കഴിവ് തെളിയിച്ചിരുന്നു. ഇത് നിഷേധിക്കാനാവില്ലെങ്കിലും വരുന്ന മത്സരങ്ങളിലും ഫിറ്റ്നസും സ്ഥിരതയും 24കാരന്‍ നിലനിര്‍ത്തേണ്ടതുണ്ടെന്നും ബ്രെറ്റ് ലീ പറഞ്ഞു.
"മികച്ച ഒരു ഡബിൾ സെഞ്ച്വറിയിലൂടെ, 2023-ൽ സ്വന്തം തട്ടകത്തിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യക്കായി ഓപ്പൺ ചെയ്യാനുള്ള ശക്തമായ അവകാശവാദം ഇഷാൻ ഉന്നയിച്ചു. ഇത് നടക്കുമോയെന്നുറപ്പില്ല. എന്നാല്‍ അത് സംഭവിക്കേണ്ടതുണ്ട്.
ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഡബിള്‍ സെഞ്ച്വറിയാണ് അവന്‍ നേടിയത്. വരും മത്സരങ്ങളില്‍ സ്ഥിരത കാണിക്കാനും ഫിറ്റ്‌നസ് നിലനിർത്താനും കഴിയുമെങ്കില്‍ ലോകകപ്പിൽ ഇന്ത്യയ്‌ക്കായി ഒരു മികച്ച ഓപ്പണറാകാന്‍ അവന് കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്" - ലീ തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.