ലണ്ടൻ: ന്യൂസിലൻഡ് മുൻ നായകൻ ബ്രണ്ടൻ മക്കല്ലത്തെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി നിയമിച്ചു. നിലവിൽ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ മുഖ്യ പരിശീലകനായ മക്കല്ലം സീസണ്‍ അവസാനിക്കുന്നതിന് പിന്നാലെ ഇംഗ്ലണ്ട് ടീമിനൊപ്പം ചേരും. കഴിഞ്ഞ ആഴ്‌ച സ്ഥാനമൊഴിഞ്ഞ ജോറൂട്ടിന് പകരം ബെൻ സ്റ്റോക്‌സിനെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ നായകനാക്കിയിരുന്നു.
ജൂണിൽ ന്യൂസിലൻഡിനെതിരെ നടക്കുന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പരക്ക് മുന്നേ ടീമിനെ ഒരുക്കുക എന്നതാണ് മക്കല്ലത്തിന്‍റെ പ്രധാന ദൗത്യം. ഇതിന് പിന്നാലെ ഇന്ത്യക്കെതിരെ കഴിഞ്ഞ വർഷം പൂർത്തിയാക്കാതെ പോയ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന ഒരു മത്സരവും ഇംഗ്ലണ്ട് കളിക്കുന്നുണ്ട്.
മുന്‍ പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡിന് പകരക്കാരനായാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ പരിശീലകനായി മക്കല്ലം വരുന്നത്. ഷോട്ട് ഫോർമാറ്റിന്‍റെ താരം എന്ന നിലയില്‍ അറിയപ്പെടുമ്പോഴും ന്യൂസിലന്‍ഡിനായി 101 ടെസ്റ്റുകളില്‍ മക്കല്ലം കളിച്ചിട്ടുണ്ട്. 2012 മുതല്‍ 2016ല്‍ വിരമിക്കുന്നതുവരെ ന്യൂസിലന്‍ഡ് ടീമിന്‍റെ നായകനുമായിരുന്നു മക്കല്ലം.
ALSO READ:ജഡേജയ്ക്കും റെയ്‌നയുടെ ഗതിയോ..? ചെന്നൈയിൽ ജഡേജയുടെ സ്ഥാനം തുലാസിൽ
കഴിഞ്ഞ ആഷസ് പരമ്പരയിലെ മോശം പ്രകടനത്തെത്തുടർന്നാണ് ക്രിസ് സിൽവർവുഡിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പരിശീലക സ്ഥാനത്ത് നിന്ന് നീക്കിയത്. പിന്നാലെ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെയും ഇംഗ്ലണ്ട് തകർന്നടിഞ്ഞിരുന്നു. തുടർന്നാണ് പുതിയ പരിശീലകനെ നിയമിക്കാൻ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്.