സിഡ്‌നി: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും വെറ്ററന്‍ താരങ്ങളായ അജിങ്ക്യ രഹാനെയും ഇഷാന്ത് ശര്‍മയെയും ബിസിസിഐ പുറത്താക്കിയിരുന്നു. പകരം യുവ താരങ്ങളായ പ്രസിദ്ധ് കൃഷ്ണ, കെഎസ് ഭരത് എന്നിവരാണ് ടീമില്‍ സ്ഥാനം നേടിയത്. ബിസിസിഐയുടെ ഈ നടപടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ സ്‌പിന്നര്‍ ബ്രാഡ് ഹോഗ്.
തന്‍റെ യൂടൂബ് ചാനലിലെ ചോദ്യോത്തര വേളയിലാണ് ബ്രാഡ് ഹോഗിന്‍റെ പ്രതികരണം. സമീപകാലത്ത് ഇരുവര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നില്ലെന്ന് ഹോഗ് പറഞ്ഞു. അനുഭവ സമ്പന്നരായ കളിക്കാര്‍ക്കൊപ്പം യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നത് ഗുണം ചെയ്യുമെന്നും അദ്ദേഹം വിലയിരുത്തി.
'ടെസ്റ്റ് ടീമില്‍ നിന്നും അജിങ്ക്യ രഹാനെയും ഇശാന്ത് ശര്‍മയെയും ഒഴിവാക്കിയത് സെലക്‌ടര്‍മാരുടെ മികച്ച തീരുമാനമാണെന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ക്ക് പ്രായമാവുകയാണ്, സമീപകാലത്ത് അവരുടെ കഴിവിന്‍റെ ഏറ്റവും മികച്ച പ്രകടനം നടത്താനും കഴിഞ്ഞിട്ടില്ല. യുവതാരങ്ങളെ ടീമിലെടുത്ത് അനുഭവപരിചയമുള്ള താരങ്ങള്‍ക്കൊപ്പം കളിപ്പിക്കുന്നത് ഗുണം ചെയ്യും', ബ്രാഡ് ഹോഗ് പറഞ്ഞു.