ഇന്‍ഡോര്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സില്‍ ഓസ്‌ട്രേലിയ 197 റണ്‍സിന് പുറത്ത്. മത്സരത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് 47 റണ്‍സ് ലീഡുമായി ബാറ്റിങ് പുനരാംരഭിച്ച സന്ദര്‍ശകര്‍ക്ക് 41 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്‌ടമായത്. ഒന്നാം ഇന്നിങ്‌സില്‍ 88 റണ്‍സ് ലീഡാണ് ഓസ്‌ട്രേലിയക്കുള്ളത്.
മൂന്ന് വിക്കറ്റ് വീതം നേടിയ ആര്‍.അശ്വിനും, ഉമേഷ് യാദവും ചേര്‍ന്നാണ് ഇന്ന് ഓസ്‌ട്രേലിയയെ എറിഞ്ഞിട്ടത്. ഓസീസ് ഇന്നിങ്സ് പുനരാംഭിച്ചപ്പോള്‍ ക്രീസിലുണ്ടായിരുന്ന പീറ്റര്‍ ഹാന്‍ഡ്‌സ്കോമ്പ് (19), കാമറൂണ്‍ ഗ്രീന്‍ (21) എന്നിവര്‍ പുറത്തായതിന് പിന്നാലെയെത്തിയ ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. അലക്‌സ് ക്യാരി (3), മിച്ചല്‍ സ്റ്റാര്‍ക്ക് (1), നാഥന്‍ ലിയോണ്‍ (5), ടോഡ് മര്‍ഫി (0) എന്നിവരുടെ വിക്കറ്റുകാളാണ് ഓസ്‌ട്രേലിയക്ക് ഇന്ന് നഷ്‌ടമായത്. മാത്യു കുന്‍ഹെമാന്‍ റണ്‍സൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.