നാഗ്‌പൂര്‍ : ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്കുനേരെത്തുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്‌ക്ക് നാളെ തുടക്കം. വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പതരയ്‌ക്കാണ് മത്സരം ആരംഭിക്കുക. ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായ ഓസ്‌ട്രേലിയയ്‌ക്കും രണ്ടാം നമ്പര്‍ ടീമായ ഇന്ത്യയ്‌ക്കും അഭിമാനപ്പോരാട്ടമാണ് പരമ്പര.
അവസാന രണ്ട് തവണയും ഓസീസ് മണ്ണില്‍ പരമ്പര നേടിയായിരുന്നു ഇന്ത്യ തിരികെ പറന്നത്. ഇതിന് പകരം വീട്ടി 2004ന് ശേഷം ഇന്ത്യയില്‍ മറ്റൊരു ടെസ്റ്റ് പരമ്പര നേടാനാണ് ഓസീസ് ലക്ഷ്യം വയ്‌ക്കുന്നത്. ഇതോടെ കളിക്കളത്തിലും പോര് കനക്കുമെന്നുറപ്പ്.
സ്റ്റാർ ഓൾറൗണ്ടർ കാമറൂൺ ഗ്രീന്‍, പേസര്‍മാരായ ജോഷ് ഹേസൽവുഡ്, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരില്ലാതെയാണ് ഓസ്‌ട്രേലിയ കളിക്കാനിറങ്ങുന്നത്. പരിക്കേറ്റ ശ്രേയസ് അയ്യരുടെ അഭാവം ഇന്ത്യയ്‌ക്കും തിരിച്ചടിയാണ്. ഇതോടെ ഇന്ത്യയുടെ പ്ലേയിങ് ഇലവനുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.
ശ്രേയസിന്‍റെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവ്, ശുഭ്‌മാന്‍ ഗില്‍ എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം. കൂടാതെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഇഷാന്‍ കിഷനോ, ശ്രീകര്‍ ഭരത്തോ എന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്. സ്‌പിന്നിനെ പിന്തുണയ്‌ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പിച്ചില്‍ മൂന്ന് സ്‌പിന്നര്‍മാരുമായാവും ഇരു ടീമുകളും ഉറങ്ങുകയെന്ന് ഏറെക്കുറെ ഉറപ്പാണ്.