ഇന്‍ഡോര്‍:ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ മണ്ണില്‍ 100 വിക്കറ്റ് തികച്ച് പേസ് ബോളര്‍ ഉമേഷ് യാദവ്. ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ സ്റ്റമ്പ് തെറിപ്പിച്ചാണ് യാദവ് ഈ നേട്ടത്തിലെത്തിയത്. 74-ാം ഓവറിലായിരുന്നു ഉമേഷിന്‍റെ ബോള്‍ സ്റ്റാര്‍ക്കിന്‍റെ ഓഫ് സ്റ്റമ്പ് പിഴുതത്.
സ്റ്റാര്‍ക്കിനെ കൂടാതെ ടോഡ് മര്‍ഫിയേയും ഉമേഷ് ക്ലീന്‍ ബൗള്‍ഡ് ആക്കി. 76-ാം ഓവറിലാണ് മര്‍ഫിയുടെ വിക്കറ്റ് യാദവ് സ്വന്തമാക്കിയത്. ആകെ മൂന്ന് വിക്കറ്റാണ് ഇന്ത്യന്‍ പേസര്‍ ഓസീസ് ഒന്നാം ഇന്നിങ്‌സില്‍ നേടിയത്.
അതേസമയം, രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ കരുതലോടെയാണ് ബാറ്റിങ് ആരംഭിച്ചിരിക്കുന്നത്. ലഞ്ചിന് പിരിയുന്നതിന് മുന്‍പ് നാല് ഓവര്‍ ബാറ്റ് ചെയ്‌ത ഇന്ത്യന്‍ ഓപ്പണര്‍മാര്‍ 13 റണ്‍സ് നേടിയിട്ടുണ്ട്. ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ്മ 5, ശുഭ്‌മാന്‍ ഗില്‍ 4 എന്നിവരാണ് ക്രീസില്‍.
ഓസീസ് പ്രതീക്ഷകള്‍ എറിഞ്ഞിട്ട് ഇന്ത്യ:നാലിന് 156 എന്ന നിലയില്‍ ബാറ്റിങ് പുനരാംരഭിച്ച ഓസ്‌ട്രേലിയയെ ഉമേഷ് യാദവ്, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇന്ന് എറിഞ്ഞട്ടത്. യാദവിന് പുറമെ അശ്വിനും മൂന്ന് വിക്കറ്റ് നേടി. ഇന്നലെ രവീന്ദ്ര ജഡേജ ഓസ്‌ട്രേലിയയുടെ നാല് വിക്കറ്റ് സ്വന്തമാക്കിയിരുന്നു.
ഇന്ന് മത്സരം പുനരാരംഭിച്ചപ്പോള്‍ പീറ്റര്‍ ഹാന്‍ഡ്‌സ്കോമ്പ്, ക്രിസ് ഗ്രീന്‍ എന്നിവരായിരുന്നു ക്രീസില്‍. ഇരുവരും ചേര്‍ന്ന് ഇന്ന് 30 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. സ്‌കോര്‍ 186-ല്‍ നില്‍ക്കെ ഹാന്‍ഡ്‌സ്‌കോമ്പ് പുറത്തായി. 98 പന്തില്‍ 19 റണ്‍സ് നേടിയ താരത്തെ അശ്വിനാണ് തിരികെ പവലിയനിലെത്തിച്ചത്.