ഇന്‍ഡോര്‍:ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് രവീന്ദ്ര ജഡേജ. പരിക്കേറ്റ് ഏറെ നാള്‍ ടീമിന് പുറത്തായിരുന്ന താരം നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലൂടെയാണ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയത്. തിരിച്ചുവരവിലും തന്‍റെ മികവ് തുടരുന്ന ജഡേജ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും 17 വിക്കറ്റ് നേടി.
ഈ രണ്ട് മത്സരങ്ങളിലും ജഡേജയായിരുന്നു കളിയിലെ താരവും. ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്‍റെ ഒന്നാം ദിനത്തില്‍ ഓസ്‌ട്രേലിയയുടെ നാല് വിക്കറ്റും പിഴുതത് ജഡേജയാണ്. കണക്കുകളും കാര്യവും ഇങ്ങനെയാണെങ്കിലും മടങ്ങി വരവില്‍ ജഡേജ നിരവധി ഫ്രണ്ട് ഫുട്ട് നോ ബോളുകള്‍ എറിയുന്നതാണ് ഇപ്പോള്‍ ഇന്ത്യക്ക് ഏറ്റവും വലിയ തലവേദന.
ഇന്‍ഡോറില്‍ ഇന്നലെ ആരംഭിച്ച മൂന്നാം ടെസ്റ്റിലും ഇത് ആവര്‍ത്തിക്കപ്പെട്ടു. രണ്ട് നോബോളുകളാണ് ഇന്നലെ ജഡേജ എറിഞ്ഞത്. അതില്‍ ആദ്യത്തേത് ഇന്ത്യക്ക് വലിയ തിരിച്ചടികളൊന്നും സമ്മാനിക്കുന്നതായിരുന്നില്ല.
എന്നാല്‍, രണ്ടാമത്തേതില്‍ ഓസീസ് ബാറ്റര്‍ മാര്‍നസ് ലബുഷെയ്‌നിന്‍റെ സ്റ്റംപ് തെറിച്ചിരുന്നു. നോബോള്‍ ആയത് കൊണ്ട് മാത്രം ഇന്ത്യക്ക് ലബുഷെയ്‌ന്‍റെ വിക്കറ്റ് ലഭിച്ചില്ല. ഇതിന് കനത്ത വിലയാണ് പിന്നീട് ഇന്ത്യ നല്‍കേണ്ടി വന്നത്.
ലൈഫ് ലഭിച്ച ശേഷം ക്രീസില്‍ നിലയുറപ്പിച്ച ലബുഷെയ്‌ന്‍ ഓസീസ് ഇന്നിങ്‌സിന്‍റെ രണ്ടാം വിക്കറ്റില്‍ ഖവാജയ്‌ക്കൊപ്പം ചേര്‍ന്ന് 96 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. ഇവരുടെ പാര്‍ട്‌ണര്‍ഷിപ്പാണ് ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്‍റെ അടിത്തറയായത്. ഒടുവില്‍, 91 പന്ത് നേരിട്ട് 31 റണ്‍സ് നേടിയ ലബുഷെയ്‌നെ ജഡേജ തന്നെ മടക്കിയെങ്കിലും താരത്തിനെതിരെ വിമര്‍ശനുമായി രംഗത്തെത്തിയിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍.