മുംബൈ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പര പുരോഗമിക്കുകയാണ്. നാല് മത്സര പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിഥേയരായ ഇന്ത്യ 2-1ന് മുന്നിലാണ്. നാഗ്‌പൂരിലും ന്യൂഡല്‍ഹിയിലും നടന്ന ആദ്യ രണ്ട് ടെസ്റ്റുകള്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ഇന്‍ഡോറില്‍ നടന്ന മൂന്നാം മത്സരം പിടിച്ചാണ് ഓസീസിന്‍റെ തിരിച്ചുവരവ്.
പരമ്പരയിലെ അവസാന മത്സരം ഈ മാസം ഒമ്പതിന് അഹമ്മദാബാദിലാണ് നടക്കുക. ഇതിനിടെ ഓസ്‌ട്രേലിയന്‍ സെലക്‌ടര്‍മാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഓസ്‌ട്രേലിയന്‍ സെലക്‌ടര്‍മാരുടെ പോരായ്‌മകൾ ഉയർത്തിക്കാട്ടിയ ഗവാസ്‌കര്‍, അവർക്ക് എന്തെങ്കിലും ഉത്തരവാദിത്തമുണ്ടെങ്കിൽ രാജിവയ്ക്കണമെന്നാണ് പറയുന്നത്.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ പ്രകടനത്തിന് സ്‌റ്റീവ് സ്‌മിത്തിനെതിരെ ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം അലൻ ബോർഡർ രംഗത്തെത്തിയിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ മോശം പ്രകടനത്തിന് ഓസീസ് ടീമിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മാത്യു ഹെയ്‌ഡൻ രംഗത്തെത്തിയതും ശ്രദ്ധേയമാണ്. ഓസീസിന്‍റെ മുന്‍ താരങ്ങള്‍ കളിക്കാരെ വിമര്‍ശിക്കുന്നതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത് സെലക്‌ടര്‍മാരെയാണെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്‌ക്ക് മുന്നെ തന്നെ പരിക്കേറ്റ പേസര്‍മാരായ ജോഷ് ഹേസൽവുഡ്, മിച്ചല്‍ സ്റ്റാർക്ക്, ഓള്‍റൗണ്ടര്‍ കാമറൂൺ ഗ്രീൻ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയത് സെലക്‌ടര്‍മാരുടെ വീഴ്‌ചയാണെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. പരിക്കിന്‍റെ പിടിയിലുള്ള താരങ്ങളെ എന്തിനാണ് ഓസ്‌ട്രേലിയൻ സെലക്‌ടർമാര്‍ തെരഞ്ഞെടുത്തതെന്നും ഗവാസ്‌കര്‍ ചോദിച്ചു.
"വിവിധ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഓസ്‌ട്രേലിയയുടെ മുന്‍ താരങ്ങള്‍ അവരുടെ കളിക്കാരെ വിമര്‍ശിക്കുന്നത്, ഓസ്‌ട്രേലിയൻ സെലക്‌ടർമാരെ ലക്ഷ്യം വച്ചാണ്. ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്ക് കളിക്കാനാവില്ലെന്ന് അറിയാവുന്ന മൂന്ന് കളിക്കാരെ (ജോഷ് ഹേസൽവുഡ്, മിച്ചല്‍ സ്റ്റാർക്ക്, കാമറൂൺ ഗ്രീൻ) എങ്ങനെ തെരഞ്ഞെടുക്കാനാകും?.