ഇൻഡോര്‍ : ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പുറത്തിരിക്കേണ്ടി വന്ന ശുഭ്‌മാന്‍ ഗില്ലിന് ഇന്‍ഡോറിലാണ് അവസരം ലഭിച്ചത്. പക്ഷേ തന്‍റെ മികച്ച പ്രകടനം നടത്താനാവാതെയാണ് താരം തിരികെ കയറിയത്. 18 പന്തില്‍ 21 റണ്‍സെടുത്ത ഗില്ലിനെ ഓസീസ് സ്‌പിന്നര്‍ മാത്യു കുഹ്‌നെമാന്‍ സ്റ്റീവന്‍ സ്‌മിത്തിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു.
എന്നാല്‍ മൈതാനത്തുവച്ചുള്ള ഗില്ലിന്‍റെ ഒരു പ്രവൃത്തിയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ സുനിൽ ഗവാസ്‌കര്‍. ഓവറിന്‍റെ മധ്യത്തിൽ ഫിസിയോയെ വിളിച്ച ഗില്ലിന്‍റെ നടപടിയാണ് ഗവാസ്‌കറെ പ്രകോപിപ്പിച്ചത്. ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ ഏഴാം ഓവറിലാണ് സംഭവം നടന്നത്.
കാമറൂൺ ഗ്രീനിന്‍റെ നാലാം പന്തിൽ സിംഗിളിനായി ഓടിയ ഗില്‍ ഡൈവ് ചെയ്‌താണ് ക്രീസിൽ കൃത്യസമയത്ത് എത്തിയത്. ഡൈവ് ചെയ്‌തപ്പോള്‍ താരത്തിന്‍റെ അടിവയറിന് താഴെ ചെറിയ പോറലേല്‍ക്കുകയും ചെയ്‌തിരുന്നു. ഗില്‍ ഫിസിയോയുടെ സഹായം ആവശ്യപ്പെട്ടതോടെ മത്സരം താത്‌കാലികമായി നിർത്തുകയും ചെയ്തിരുന്നു.
എന്നാല്‍ വൈദ്യസഹായത്തിനായി ഓവറിന്‍റെ അവസാനം വരെ ഗില്‍ കാത്തിരിക്കണമെന്നാണ് കമന്‍ററി ബോക്‌സിലുണ്ടായിരുന്ന ഗവാസ്‌കര്‍ പറഞ്ഞത്. "ശുഭ്‌മാൻ ഗില്ലിന് ചെറിയ പോറലേറ്റതായി കാണുന്നു. കൃത്യസമയത്ത് ക്രീസിലെത്താനാണ് അവന്‍ ഡൈവ് ചെയ്തത്. പക്ഷേ, ഫിസിയോയെ വിളിക്കാന്‍ അവന്‍ ഈ ഓവറിന്‍റെ അവസാനം വരെ കാത്തിരിക്കണമായിരുന്നു എന്നാണ് എനിക്ക് പറയാനുള്ളത്.