മുംബൈ: ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിന്നും ശ്രേയസ് അയ്യര്‍ പുറത്തെന്ന് റിപ്പോര്‍ട്ട്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരക്കിടെ നടുവിന് പരിക്കേറ്റ ശ്രേയസിന് ഈ മാസം ഒമ്പതിന് നാഗ്‌പൂരില്‍ ആരംഭിക്കുന്ന ആദ്യ മത്സരത്തില്‍ കളിക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ടുള്ളത്.
നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള താരത്തിന് മത്സരത്തിന് മുന്നെ പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാനാവില്ലെന്നാണ് സൂചന. പുറം വേദന അലട്ടുന്ന 28കാരനായ ശ്രേയസിന് ഡോക്‌ടര്‍മാര്‍ കൂടുതല്‍ വിശ്രമം നിര്‍ദേശിച്ചെന്നാണ് വിവരം. രണ്ടാം ടെസ്റ്റിന് മുമ്പ് ശ്രേയസ് ടീമില്‍ തിരിച്ചെത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഗില്‍ മധ്യനിരയിലേക്ക്?:കഴിഞ്ഞ വര്‍ഷംഡിസംബറിൽ ബംഗ്ലാദേശിൽ നടന്ന രണ്ട് മത്സര പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ മധ്യനിരയില്‍ ശ്രേയസിന്‍റെ പ്രകടനം നിര്‍ണായകമായിരുന്നു. ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ ശ്രേയസിന്‍റെ അഭാവത്തില്‍ ആദ്യ ടെസ്റ്റില്‍ ശുഭ്‌മാന്‍ ഗില്ലിനെ മാനേജ്‌മെന്‍റ് മധ്യനിരയിലേക്ക് പരിഗണിച്ചേക്കും.
ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. നേരത്തെ 2021 അവസാനത്തോടെ ന്യൂസിലൻഡ് ഇന്ത്യയിലേക്ക് വന്നപ്പോൾ മായങ്ക് അഗർവാള്‍- കെഎൽ രാഹുല്‍ എന്നിവരെ ഓപ്പണര്‍മാരായും ഗില്ലിനെ മധ്യനിരയിലേക്കും പരിഗണിച്ചിരുന്നു. എന്നാല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായതോടെയാണ് ഗില്ലിന് ഓപ്പണറായി അവസരം നല്‍കിയതെന്നും ബിസിസിഐ വൃത്തം പ്രതികരിച്ചു.
മിഡിൽ ഓർഡർ ബാറ്ററായി റെഡ് ബോൾ കരിയർ ആരംഭിച്ച ഗില്ലിന് സ്ഥാനമാറ്റം പ്രയാസമാവില്ലെന്നാണ് വിലയിരുത്തല്‍. നിലവിലെ ടീമില്‍ ക്യാപ്റ്റൻ രോഹിത് ശർമയും വൈസ് ക്യാപ്റ്റൻ രാഹുലുമാണ് ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാര്‍. ചേതേശ്വര്‍ പൂജാരയും വിരാട് കോലിയും യഥാക്രമം മൂന്നും നാല് സ്ഥാനങ്ങളിൽ കളിക്കുന്നതിലാല്‍ അഞ്ചാം നമ്പറിലാവും ഗില്ലെത്തുക.
ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെയാണ് ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്നാം ടെസ്റ്റിനായി ശ്രേയസിന് പകരക്കാരനെ പ്രഖ്യാപിക്കുമോ എന്ന കാര്യം വ്യക്തമല്ല. അതേസമയം സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് ടെസ്റ്റ് സ്‌ക്വാഡിലേക്ക് ആദ്യമായി വിളിയെത്തിയിരുന്നു. സ്‌പിന്‍ ബോളര്‍മാര്‍ക്കെതിരെ കളിക്കുന്നതിലെ മികവ് പരിഗണിച്ച് സൂര്യകുമാര്‍ യാദവിന് അരങ്ങേറ്റത്തിന് അവസരം ലഭിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
നാല് ടെസ്റ്റുകളാണ് ബോര്‍ഡര്‍ -ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലുള്ളത്. ഫെബ്രുവരി നാഗ്‌പൂരിലാണ് ആദ്യ ടെസ്റ്റ് (ഫെബ്രുവരി 9-13). തുടര്‍ന്ന് ഡൽഹി (ഫെബ്രുവരി 17-21), ധർമശാല (മാര്‍ച്ച് 1-5), അഹമ്മദാബാദ് ( മാര്‍ച്ച് 9-13) എന്നിവിടങ്ങളിലും മറ്റ് മത്സരങ്ങള്‍ നടക്കും.
ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശർമ (സി), കെഎൽ രാഹുൽ (വിസി), ശുഭ്‌മാൻ ഗിൽ, ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎസ് ഭരത്, ഇഷാന്‍ കിഷന്‍, ആര്‍ അശ്വിന്‍, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്‌ഘട്ട്, സൂര്യകുമാർ യാദവ്.
ALSO READ:സ്ഥിരതയോടെ കളിക്കാന്‍ കഴിഞ്ഞാല്‍ അത്ഭുതങ്ങള്‍ സൃഷ്‌ടിക്കും; പൃഥ്വി ഷായെ കളിപ്പിക്കണമെന്ന് ഡാനിഷ് കനേരിയ