ഇന്‍ഡോര്‍ : കെഎല്‍ രാഹുലിനെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റിയത് ഒന്നിന്‍റേയും സൂചനയല്ലെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. താരങ്ങളുടെ കഴിവിനെ പിന്തുണയ്‌ക്കുന്നത് മാനേജ്‌മെന്‍റ് തുടരുമെന്നും രോഹിത് പറഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് രോഹിത്തിന്‍റെ വാക്കുകള്‍.
'കഴിഞ്ഞ മത്സരത്തിന് ശേഷവും ഞാൻ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. കഠിനമായ സമയത്തിലൂടെ കടന്നുപോകുന്ന കളിക്കാർക്ക്, അവരുടെ കഴിവുകൾ കണക്കിലെടുത്ത് സ്വയം തെളിയിക്കാൻ മതിയായ സമയം നൽകും. വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് അവനെ (കെഎല്‍ രാഹുല്‍) നീക്കം ചെയ്തത് ഒന്നിന്‍റേയും സൂചനയല്ല'- രോഹിത് പറഞ്ഞു.
47 ടെസ്റ്റുകൾക്ക് ശേഷം 33.4 ആണ് രാഹുലിന്‍റെ ബാറ്റിങ് ശരാശരി. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും രാഹുലിനെ മാറ്റിയത്. രണ്ട് മത്സരങ്ങളിലും നിരാശാജനകമായ പ്രകടനമായിരുന്നു രാഹുല്‍ നടത്തിയത്.
കളിച്ച മൂന്ന് ഇന്നിങ്‌സുകളിലായി ആകെ 38 റണ്‍സ് മാത്രമാണ് 33കാരന് കണ്ടെത്താന്‍ കഴിഞ്ഞത്. തന്‍റെ അവസാനത്തെ 10 ഇന്നിങ്‌സുകളിലാവട്ടെ 25 റണ്‍സിനപ്പുറം കടക്കാന്‍ രാഹുലിന് കഴിഞ്ഞിട്ടില്ല. മികച്ച ഫോമിലുള്ള ശുഭ്‌മാന്‍ ഗില്ലിനേയും അഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ച് കൂട്ടുന്ന സര്‍ഫറാസ് ഖാനേയും പുറത്തിരുത്തിയാണ് രാഹുലിനെ മാനേജ്‌മെന്‍റ് പിന്തുണച്ചിരുന്നത്.
ഇതോടെ മൂന്നാം ടെസ്റ്റില്‍ ഗില്ലിനെ കളിപ്പിക്കമെന്നാവശ്യപ്പെട്ട് മുന്‍ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇന്‍ഡോര്‍ ടെസ്റ്റിന്‍റെ മുന്നൊരുക്കത്തിന്‍റെ ഭാഗമായി തിങ്കളാഴ്‌ചത്തെ പരിശീലന സെഷനില്‍ ശുഭ്‌മാന്‍ ഗില്ലും കെഎല്‍ രാഹുലും പങ്കെടുത്തിരുന്നു. എന്നാല്‍ ചൊവ്വാഴ്ചത്തെ ഒപ്‌ഷണൽ പരിശീലനത്തിൽ രോഹിത്തിനൊപ്പം ഗില്‍ എത്തിയപ്പോള്‍ ടീമിലെ ഭൂരിഭാഗം താരങ്ങളോടൊപ്പം രാഹുലും ഹോട്ടലിൽ തന്നെ തുടരുകയായിരുന്നു.