നാഗ്‌പൂര്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ നാഗ്‌പൂരിലാണ് ആരംഭിക്കുക. ഇന്ത്യയിൽ ഒരു ടെസ്റ്റ് പരമ്പര നടക്കുമ്പോഴെല്ലാം ആതിഥേയർ തങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് പിച്ച് ഒരുക്കുന്നതെന്ന ആക്ഷേപം ഉയരാറുണ്ട്. നിലവില്‍ നാഗ്‌പൂരിലെ പിച്ചിനെതിരെയും ഇതേ ആരോപണം ഓസ്‌ട്രേലിയയിലെ ഏതാനും ക്രിക്കറ്റ് 'വിദഗ്‌ധർ' ഉയര്‍ത്തിക്കഴിഞ്ഞു.
നാഗ്‌പൂർ പിച്ചിന്‍റെ മധ്യഭാഗം മാത്രമാണ് വെള്ളമൊഴിച്ച് ഉരുട്ടിയതെന്നാണ് ഫോക്‌സ് ക്രിക്കറ്റ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഓസീസിന്‍റെ ഇടങ്കയ്യന്‍ ബാറ്റര്‍മാരെ ലക്ഷ്യം വയ്ക്കുന്ന കൃത്യമായ പ്രദേശം വരണ്ടതാക്കിയെന്നും ഇത് 'പിച്ച് ഡോക്‌ടറിങ്' ആണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓസീസിന്‍റെ ഇടങ്കയ്യന്‍ ബാറ്റര്‍മാരായ ഡേവിഡ് വാർണർ, ഉസ്‌മാൻ ഖവാജ, ട്രാവിസ് ഹെഡ് തുടങ്ങിയവരെ പ്രയാസപ്പെടുത്താനാണ് ഇതുവഴി ലക്ഷ്യം വയ്‌ക്കുന്നത്. പിച്ചിന്‍റെ രണ്ടറ്റവും ഇതേ രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐസിസി പരിശോധിക്കണം:പിച്ചില്‍ എന്തെങ്കിലും ശരിയല്ലെന്ന് തോന്നിയാൽ ഐസിസി ഇടപെട്ട് വിഷയം പരിശോധിക്കണമെന്ന് ഓസീസിന്‍റെ മുന്‍ ഓള്‍റൗണ്ടര്‍ സൈമൺ ഒ ഡോണൽ പറഞ്ഞു. മത്സരത്തില്‍ ഒരു ഐസിസി അമ്പയറുണ്ടാവും, ഐസിസി ഈ മത്സരം കാണുന്നുമുണ്ടാവും. എന്നാല്‍ ഇന്ത്യയുടെ കാര്യം വരുമ്പോൾ ചര്‍ച്ച മാത്രമാണ് നടക്കുക.
മറ്റൊന്നും സംഭവിക്കുമെന്ന് തോന്നുന്നില്ല. ടെസ്റ്റ് ക്രിക്കറ്റിന്‍റെ സാധാരണ നിലവാരത്തിലുള്ളതല്ല ഈ പിച്ചെങ്കില്‍ ഐസിസി എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും സൈമൺ ഒ ഡോണൽ കൂട്ടിച്ചേര്‍ത്തു. പിച്ച് ഏറെ വരണ്ടതാണെന്ന് നേരത്തെ ഓസീസ് വൈസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്‌മിത്ത് പ്രതികരിച്ചിരുന്നു. ഇടങ്കയ്യന്‍ സ്‌പിന്നര്‍മാര്‍ക്ക് ഇവിടെ കൂടുതല്‍ പിന്തുണ ലഭിക്കുമെന്നും താരം കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു.
ഇന്ത്യയേയും ഓസ്‌ട്രേലിയയേയും സംബന്ധിച്ച് അഭിമാനപ്പോരാട്ടമാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി. കഴിഞ്ഞ രണ്ട് തവണയും ഓസ്‌ട്രേലിയന്‍ മണ്ണില്‍ പരമ്പര നേടിയായിരുന്നു ഇന്ത്യയുടെ മടക്കം. ഇതിന് പകരം വീട്ടി 2004ന് ശേഷം ഇന്ത്യയില്‍ മറ്റൊരു ടെസ്റ്റ് പരമ്പര നേടാനാണ് ഓസീസ് ലക്ഷ്യം വയ്‌ക്കുന്നത്.