ദുബായ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റ് നടന്ന ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലെ പിച്ചിന്‍റെ റേറ്റിങ്ങില്‍ മാറ്റം വരുത്തി ഐസിസി. 'മോശം' റേറ്റിങ്ങില്‍ നിന്നും 'ശരാശരിയില്‍ താഴെ' എന്ന റേറ്റിങ്ങിലേക്കാണ് മാറ്റിയത്. മൂന്നാം ദിനത്തില്‍ അവസാനിച്ച മത്സരത്തിന് ശേഷം പിച്ചിന് മോശം റേറ്റിങ്ങും മൂന്ന് ഡീ മെറിറ്റ് പോയിന്‍റുമായിരുന്നു അപെക്സ് ബോഡി നല്‍കിയത്.
മോശം റേറ്റിങ് വിധിച്ച ഐസിസി മാച്ച് റഫറിയുടെ തീരുമാനത്തിനെതിരെ ബിസിസിഐ അപ്പീല്‍ നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഐസിസി ജനറൽ മാനേജർ വസീം ഖാൻ, ഐസിസി പുരുഷ ക്രിക്കറ്റ് കമ്മിറ്റി അംഗം റോജർ ഹാർപ്പർ എന്നിവരടങ്ങുന്ന ഐസിസി അപ്പീൽ പാനൽ മത്സരത്തിന്‍റെ ദൃശ്യങ്ങൾ അവലോകനം ചെയ്‌താണ് റേറ്റിങ്ങില്‍ മാറ്റം വരുത്തിയത്.
"ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റ് നടന്ന പിച്ചിന് ആദ്യം 'മോശം' എന്ന റേങ്ങിങ്ങാണ് നല്‍കിയിരുന്നത്. കൂടാതെ മൂന്ന് ഡീമെറിറ്റ് പോയിന്‍ കളും വിധിച്ചിരുന്നു. എന്നിരുന്നാലും, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്‍റെ (ബിസിസിഐ) അപ്പീലിനെത്തുടർന്ന് റേറ്റിങ് മാറ്റി. 'മോശം' റേറ്റിങ്ങില്‍ നിന്ന് 'ശരാശരിയിൽ താഴെ' എന്നതിലേക്കാണ് മാറ്റിയത്". ഐസിസി പ്രസ്‌താവനയില്‍ അറിയിച്ചു.
പിച്ചിന്‍റെ റേറ്റിങ്ങ് മോശത്തില്‍ നിന്നും 'ശരാശരിയിൽ താഴെ' എന്നതിലേക്ക് എത്തിയതോടെ ഡീ മെറിറ്റ് പോയിന്‍റ് മൂന്നില്‍ നിന്നും ഒന്നായും കുറഞ്ഞിട്ടുണ്ട്. റേറ്റിങ്ങിലെ മാറ്റത്തിന് വിശദീകരണവും ഐസിസി അപ്പീൽ പാനൽ നല്‍കിയിട്ടുണ്ട്. പിച്ച് മോണിറ്ററിങ് പ്രക്രിയയുടെ അനുബന്ധം എ അനുസരിച്ച് മാച്ച് റഫറി മാർഗനിർദേശങ്ങൾ പാലിച്ചിരുന്നു. എന്നാല്‍ മോശം റേറ്റിങ് ലഭിക്കാന്‍ മാത്രം പ്രവചനാതീത ബൗൺസ് പിച്ചില്‍ ഉണ്ടായിരുന്നില്ലെന്നാണ് ഐസിസി അപ്പീൽ പാനല്‍ വ്യക്തമാക്കിയത്.