ഇന്‍ഡോര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 33.2 ഓവറില്‍ 109 റണ്‍സിന് പുറത്ത്. ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ അതിഥേയരെ ഓസീസ് സ്‌പിന്നര്‍മാര്‍ കറക്കി വീഴ്‌ത്തുകയായിരുന്നു. ഓസീസിനായി മാത്യു കുഹ്‌നെമാന്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തി.
നഥാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ടോഡ് മര്‍ഫി ഒരു വിക്കറ്റും നേടി. 55 പന്തില്‍ 22 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലും ചേര്‍ന്ന് കരുതലോടെ തുടങ്ങിയെങ്കിലും ആറാം ഓവറില്‍ തന്നെ ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായി. മാത്യു കുഹ്‌നെമാന്‍റെ പന്തില്‍ രോഹിത് ശര്‍മയെ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി സ്റ്റംപ് ചെയ്‌ത് പുറത്താക്കുകയായിരുന്നു.
23 പന്തില്‍ 12 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്. പിന്നാലെ ഗില്ലും വീണു. 18 പന്തില്‍ 21 റണ്‍സെടുത്ത ഗില്ലിനെ കുഹ്‌നെമാന്‍ സ്റ്റീവന്‍ സ്‌മിത്തിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. മൂന്നാമന്‍ ചേതേശ്വര്‍ പുജാരയ്‌ക്ക് നാല് പന്തുകള്‍ മാത്രമായിരുന്നു ആയുസ്.
ഒരു റണ്‍സെടുത്ത താരത്തെ നഥാന്‍ ലിയോണ്‍ ബൗള്‍ഡാക്കിയാണ് തിരികെ കയറ്റിയത്. നാലാം നമ്പറിലെത്തിയ വിരാട് കോലി ഒരറ്റത്ത് ചെറുത്ത് നില്‍പ്പിന് ശ്രമിച്ചുവെങ്കിലും രവീന്ദ്ര ജഡേജയും ശ്രേയസ് അയ്യരും വന്നപാടെ മടങ്ങിയത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. ഈ സമയം 11.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 45 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിലുണ്ടായിരുന്നത്.