ന്യൂഡല്‍ഹി: ഇന്ത്യ-ഓസ്‌ട്രേലിയ ടീമുകള്‍ പോരടിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം മത്സരം നാളെ തുടങ്ങും. ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ രാവിലെ 9.30 മുതലാണ് മത്സരം. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ആതിഥേയരായ ഇന്ത്യ 1-0ന് മുന്നിലാണ്.
പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് വിജയിച്ചത്. നാഗ്‌പൂരിലെ വിജയത്തിന് സ്‌പിന്‍ കരുത്തായിരുന്നു ടീമിനെ തുണച്ചതെന്ന് പറയാം. ആദ്യ ഇന്നിങ്‌സില്‍ കങ്കാരുപ്പടയെ ജഡേജ എറിഞ്ഞിട്ടപ്പോള്‍, രണ്ടാം ഇന്നിങ്‌സില്‍ അശ്വിന് മുന്നിലാണ് ഓസീസ് താരങ്ങള്‍ വീണത്.
മാര്‍നസ് ലബുഷെയ്‌ന്‍, സ്റ്റീവ് സ്‌മിത്ത് എന്നീ ബാറ്റര്‍മാര്‍ക്കൊഴികെ മറ്റാര്‍ക്കും ആദ്യ മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ പോലുമായിരുന്നില്ല. ഡല്‍ഹിയിലേക്ക് രണ്ടാം മത്സരം എത്തുമ്പോഴും സ്‌പിന്‍ ബോളിങ് തന്നെ കളിയുടെ വിധി പറയുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ മൂന്ന് സ്‌പിന്നര്‍മാരെ ഓസ്‌ട്രേലിയ കളത്തിലിറക്കി പരമ്പരയില്‍ തിരികെയെത്താനും സാധ്യതയുണ്ട്.
ആദ്യ മത്സരം കളിച്ച നഥാന്‍ ലിയോണ്‍, ടോഡ് മര്‍ഫി എന്നിവര്‍ക്കൊപ്പം ആഷ്‌ടന്‍ അഗര്‍ ടീമിലേക്കെത്താനാണ് സാധ്യത. കൂടാതെ ബാറ്റിങ് ഓള്‍റൗണ്ടറായ ട്രാവിസ് ഹെഡ് ഓസീസ് ടീമില്‍ മടങ്ങിയെത്തുമെന്നും സൂചനകളുണ്ട്. സ്‌കോട്ട് ബോളണ്ടിന് പകരം ഇടംകയ്യന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നാളെ ഓസ്‌ട്രേലിയയുടെ അന്തിമ ഇലവനില്‍ എത്തിയേക്കും.
കൈവിരലിന് പരിക്കേറ്റ താരം ഇന്ത്യക്കെതിരായ ആദ്യ മത്സരത്തില്‍ കളിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലായിരുന്നു താരത്തിന് പരിക്കേറ്റത്. അതേസമയം ജോഷ് ഹേസല്‍വുഡ് നാളെ ടീമിലെത്താനുള്ള സാധ്യത കുറവാണ്.